മനാമ: ശരീരത്തിന്‍റ ഒരു ഭാഗം തളർന്നു സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തെലങ്കാന സ്വദേശി ഹോപ് ബഹ്റൈൻ പ്രവർത്തകരുടെ സഹായത്താൽ നാടണഞ്ഞു. ദീർഘനാൾ ജോലിയില്ലാതെ പ്രയാസത്തിൽ കഴിഞ്ഞിരുന്ന പാന്താ സന്നയ്യ കാരുണ്യ ഹസ്തം നീട്ടിയ സാമൂഹിക പ്രവർത്തകർക്ക് നന്ദി പറഞ്ഞാണ് നാട്ടിലേക്ക് മടങ്ങിയത്. 14 വർഷം മുമ്പാണ് ഇദ്ദേഹം ജോലി തേടി ബഹ്റൈനിൽ എത്തിയത്. രണ്ടു വർഷത്തോളം ഒരു കമ്പനിയിൽ ജോലി ചെയ്തു. പിന്നീട് മാസങ്ങളോളം ശമ്പളം കിട്ടാത്തതു മൂലം അവിടെ തുടരുവാൻ സാധിച്ചില്ല.
12 വർഷമായി വിസ ഇല്ലാതെ ചെറിയ ജോലികൾ ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. നാല് മാസം മുമ്പാണ് ശരീരത്തിെന്‍റ ഒരു ഭാഗം തളർന്നതിനെത്തുടർന്ന് സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പതിവ് ആശുപത്രി സന്ദർശനത്തിനിടെയാണ് ഹോപ് ബഹ്റൈൻ പ്രവർത്തകരായ സാബു ചിറമേൽ, ഷാജി ഇളമ്പയിൽ, അഷ്‌കർ പൂഴിത്തല എന്നിവർ ഇദ്ദേഹത്തെ കണ്ടുമുട്ടിയത്. തുടർന്ന് ഇവർ വിവരം ഐ.സി.ആർ.എഫിനെ അറിയിച്ചു. ഒന്നര മാസത്തെ ആശുപത്രി വാസത്തിനിടെ ആവശ്യമായ പരിചരണവും മാനസ്സിക പിന്തുണയും ഹോപ് പ്രവർത്തകർ നൽകി.
ആശുപത്രിയിൽ നിന്നും ഡിസ്ചാർജായതിനു ശേഷം രണ്ടു മാസത്തേക്ക് വേണ്ട ഭക്ഷണവും താമസസൗകര്യവും ഐ.സി.ആർ.എഫ് നൽകി. നിയമപരമായ എല്ലാ തടസ്സങ്ങളും നീക്കി കഴിഞ്ഞ ദിവസം സന്നയ്യയെ നാട്ടിലേക്ക് യാത്രയാക്കി. അദ്ദേഹത്തിന് 20,000 രൂപയും ഗൾഫ് കിറ്റും കുട്ടികൾക്കുള്ള സമ്മാനങ്ങളും ഹോപ് ബഹ്‌റൈൻ നൽകി. സാമൂഹിക പ്രവർത്തകൻ കെ.ടി സലിം, ഇന്ത്യൻ എംബസി അധികൃതർ, തെലങ്കാന അസോസിയേഷൻ ഭാരവാഹി മുരളി, ഐ.സി.ആർ.എഫ് സെക്രട്ടറി പങ്കജ് നല്ലൂർ തുടങ്ങിയവരും ഇദ്ദേഹത്തിന് ആവശ്യമായ സഹായങ്ങൾ നൽകി.