മനാമ: ഇന്ത്യൻ മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് ‘നീറ്റ്’ ഇത്തവണ ബഹ്‌റൈനിലും എഴുതാം. ആറ് ഗൾഫ് രാജ്യങ്ങളിലായി എട്ട് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) ഉത്തരവ് പുറത്തുവിട്ടു. കഴിഞ്ഞ വർഷം നടത്തിയ കുവൈത്ത്, ദുബൈ കേന്ദ്രങ്ങൾക്ക് പുറമെയാണ് അധിക പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കാൻ തീരുമാനിച്ചത്.
യു.എ.യിയിൽ ദുബൈ, അബുദബി, ഷാർജ എന്നി മൂന്ന് നഗരങ്ങളിൽ പരീക്ഷ നടത്തും. ഖത്തർ (ദോഹ), ബഹ്റൈൻ (മനാമ), ഒമാൻ (മസ്കത്ത്), സൗദി അറേബ്യ (റിയാദ്), കുവൈത്ത് (കുവൈത്ത് സിറ്റി) എന്നിവയാണ് ഗൾഫ് രാജ്യങ്ങളിലെ മറ്റു പരീക്ഷാ കേന്ദ്രങ്ങൾ. ഗൾഫ് രാജ്യങ്ങളിൽ നിന്നും മെഡിക്കൽ ബിരുദ പ്രവേശന പരീക്ഷ എഴുതാൻ തയ്യറെടുക്കുന്ന മലയാളികൾ ഉൾപ്പെടെ പതിനായിരത്തോളം ഇന്ത്യൻ വിദ്യാർഥികൾക്ക് ഗുണകരമാവുന്നതാണ് നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ തീരുമാനം. ഇന്ത്യയിൽ മാത്രം നടത്തിയിരുന്ന പരീക്ഷക്ക് കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷമാണ് രാജ്യത്തിന് പുറത്ത് ആദ്യമായി കേന്ദ്രം അനുവദിച്ചത്.
കൂടുതൽ, രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ എംബസികൾ വഴി ആവശ്യമുന്നയിച്ചെങ്കിലും കേന്ദ്രങ്ങൾഅനുവദിച്ചില്ല. എന്നാൽ, ഇക്കുറി ആറ് ഗൾഫ് രാജ്യങ്ങളിലുമായി എട്ട് കേന്ദ്രങ്ങളാണ് അനുവദിച്ചത്. ഇതിനു പുറമെ തായ്ലൻഡ് (ബാങ്കോക്ക്), ശ്രീലങ്ക (കൊളംബോ), നേപ്പാൾ (കാഠ്മണ്ഡു), മലേഷ്യ (ക്വാലാലംപൂർ), നൈജീരിയ (ലഗോസ്), സിംഗപ്പൂർ എന്നിവടങ്ങളിലും കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ജൂലൈ 17ന് നടക്കുന്ന നീറ്റ് പ്രവേശന പരീക്ഷക്കുള്ള രജിസ്ട്രേഷൻ നടപടികൾക്ക് ബുധനാഴ്ച രാത്രിയിൽ തുടക്കമായി. ഇന്ത്യയിൽ 543 നഗരങ്ങളിൽ പരീക്ഷാ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. 13 ഭാഷകളിൽ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാം.