മനാമ: പാചക വാതക സിലിണ്ടർ ഓഫാക്കാൻ മറന്നതിനെ തുടർന്നുണ്ടായ സ്‌ഫോടനത്തിൽ ഹമദ് ടൗണിൽ താമസിച്ചു വരികയായിരുന്ന ഏഴംഗ മലയാളി സംഘം രക്ഷപ്പെട്ടത് തലനാഴിരക്ക്. സംഭവത്തിൽ ഒരാൾക്ക് പൊള്ളലേറ്റു. ഇയാളെ ബി ഡി എഫ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹമദ് ടൗൺ സൂഖിലും ഗ്യാരേജിലുമായി ജോലി ചെയ്യുന്ന ഏഴംഗ പ്രവാസി മലയാളികളുടെ താമസ സ്ഥലത്തു വച്ചായിരുന്നു സംഭവം. സ്‌ഫോടനത്തിൽ വീടിന്റെ വാതിലുകളും ജനാലകളും അലമാരയും പൂർണമായും തകരുകയും മറ്റു കേടുപാടുകൾ സംഭവിച്ചതായും താമസക്കാരിലൊരാൾ ബഹ്‌റൈൻ വാർത്തയോട് പറഞ്ഞു. സംഭവ സ്ഥലത്തു പോലീസെത്തി നടപടിക്രമങ്ങൾ പൂർത്തീകരിച്ചു.
“ഗ്യാരേജിൽ ജോലി ചെയ്യുന്നവരിൽ ഒരാൾ രാവിലെ ഏഴ് മണിക്ക് ജോലിക്ക് പോകാനായി എഴുന്നേറ്റ് സ്വിച്ച് ഇട്ടപ്പോഴാണ് അപകടമുണ്ടായത്. രാവിലെ നാല് മണിക്ക് മുൻപ് എഴുന്നേറ്റ് പാചകം ചെയ്തവർ ഓഫാക്കാൻ മറന്ന സിലിണ്ടറിൽ നിന്നും പരന്ന പാചക വാതകത്തിന് തീ പിടിക്കുകയായിരുന്നു. തീ പിടിത്തത്തിൽ ഉണ്ടായ സ്ഫോടനാത്മക ശബ്ദത്തിൽ ഉറങ്ങുകയായിരുന്ന ഞങ്ങൾ 6 പേരും ഞെട്ടി ഉണർന്നു. എഴുന്നേറ്റു സ്വിച്ച് ഇട്ട ആൾക്ക് മാത്രമേ പൊള്ളലേറ്റുള്ളൂ, മറ്റുള്ളവർ എന്തോ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു.” ദൃക്‌സാക്ഷി പറഞ്ഞു.