മനാമ: ഇന്ത്യയിലെ അറിയപ്പെടുന്ന സാംസ്‌കാരിക വിദ്യാഭ്യാസ സ്ഥാപനമായ ജാമിഅ മര്‍കസിന്റെ നാല്‍പത്തിയഞ്ചാം വാര്‍ഷിക ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ ഗ്രാന്റ് മുഫ്തിയും മര്‍കസ് ചാന്‍സലറുമായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ഏപ്രിൽ 20 വ്യാഴാഴ്ച ബഹ്‌റൈനിലെത്തും. മര്‍കസ് ബഹ്‌റൈന്‍ ചാപ്റ്റർ കമ്മിറ്റിയും ബഹ്‌റൈന്‍ ഐ.സി.എഫും സംയുക്തമായി റമളാൻ ഇരുപത്തി ഒന്നാം രാവിൽ (വ്യാഴം) രാത്രി 9.30ന് മനാമ പാകിസ്ഥാന്‍ ക്ലബില്‍ സംഘടിപ്പിക്കുന്ന മഹ്‌ളറത്തുല്‍ ബദ്‌രിയ ആത്മീയ സംഗമത്തിന് കാന്തപുരം നേതൃത്വം നൽകും.
മര്‍കസ് പി.ആര്‍.ഒ മര്‍സൂഖ് സഅദി പാപിനിശ്ശേരി മുഖ്യപ്രഭാഷണം നടത്തും. ബഹ്‌റൈനിലെ സാമുഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പരിപാടിയില്‍ സംബന്ധിക്കും.
സാംസ്‌കാരിക ലോകത്തിന്റെ വൈജ്ഞാനിക സിരാ കേന്ദ്രമായ മര്‍കസ് മുന്നോട്ട് വെച്ച വിജ്ഞാന വിനിമയത്തിന്റെ പുതിയ തലങ്ങളെ സമൂഹത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികളാണ് മര്‍കസ് ഡേ ആഘോഷത്തോടനുബന്ധിച്ചു ആസൂത്രണം ചെയ്തിട്ടുള്ളത്. മത, ഭൗതിക സാങ്കേതിക സമന്വയ വിദ്യാഭ്യാസമാണ് മര്‍കസ് നടപ്പാക്കുന്നത്. ഇന്ത്യയില്‍ പരക്കെ വ്യാപിച്ചു കിടക്കുന്ന മര്‍കസിന്റെ സ്ഥാപനങ്ങള്‍ മൂല്യാധിഷ്ടിതവും മതേതര കാഴ്ചപ്പാടുകള്‍ക്കും ഊന്നല്‍ നല്‍കിയുള്ള വിദ്യാഭ്യാസമാണ് വിഭാവനം ചെയ്യുന്നത്. മര്‍കസ് ഡേയൊടനുബന്ധിച്ച് ബഹ്‌റൈന്‍ ചാപ്റ്റര്‍ ഇന്നും നാളെയുമായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ കാന്തപുരം സംബന്ധിക്കും. പാകിസ്ഥാന്‍ ക്ലബില്‍ ഇന്ന് നടക്കുന്ന ആത്മീയ സംഗമത്തിന് സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്ക് 39088058 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.