bahrainvartha-official-logo
Search
Close this search box.

പവിഴദ്വീപിൽ ആസ്വാദകരുടെ മനം കവർന്ന ഗസൽ രാവ്; റാസാ ബീഗം സംഘത്തെ നെഞ്ചിലേറ്റി പ്രവാസലോകം

New Project - 2022-05-05T101859.918

മനാമ: ബഹ്‌റൈൻ പ്രവാസികളുടെ പെരുന്നാൾ ദിനങ്ങൾ ഗസൽ മഴയിൽ കുതിർത്ത് അവിസ്മരണീയമാക്കി ഗായകർ റാസാ ബീഗവും സംഘവും. രണ്ടു വർഷത്തെ കൊറോണക്കാലത്തെ അടച്ചിരിപ്പിന് വിരാമമിട്ട് സാധാരണരീതിയിലുള്ള നിത്യ ജീവിതത്തിലേക്കും ആഘോഷങ്ങളിലേക്കും ചുവടുവെച്ചു തുടങ്ങിയ പ്രവാസികളുടെ മനം നിറയുന്ന തുടക്കമായിരുന്നു സല്മാനിയയിലെ മര്മരീസ് ഹാളിൽ കഴിഞ്ഞ ദിനം അരങ്ങേറിയത്. ആസ്വാദകരുടെ മനം കവർന്ന ഈണങ്ങളാൽ റാസയും ബീഗവും സദസ് കീഴടക്കിയപ്പോൾ അമേസിങ് ബഹ്‌റൈനും ഡാറ്റ മാർക്കും പരിപാടിയുടെ സംഘടന മികവിനാൽ പുതുചരിത്രം രചിക്കുകയായിരുന്നു.

പ്രോഗ്രാം കോഡിനേറ്റർ ബഷീർ അമ്പലായിയുടെ സ്വാഗതത്തോടെ തുടക്കം കുറിച്ച ചടങ്ങിൽ വിശിഷ്ടാതിഥികളായി ക്യാപിറ്റൽ ഗവർണർ കാര്യാലയത്തിലെ യൂസഫ് ലോറി, ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് ഭരണ സമിതി അംഗം മിസ്സിസ് ബത്തൂൽ ദാദാബായ്, വൺ ബഹ്റൈൻ സാരഥി ആന്റണി പൗലോസ്, ബഹ്റൈൻ ഇന്ത്യ ക്രക്കറ്റ് അസോസിയേഷൻ ചെയർമാൻ മുഹമ്മദ് മൻസൂർ, മുതിർന്ന മാധ്യമ പ്രവർത്തകനും ഭാരതീയ സമ്മാൻ ജേതാവുമായ സോമൻ ബേബി, BMC ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ഫ്രൻസ് അസോസിയേഷൻ ആക്ടിങ് പ്രസിഡന്റ് ജമാൽ നദ്‌വി തുടങ്ങി നിരവധി പ്രമുഖരും സന്നിഹിതരായി. സഹകരിച്ച വിവിധ സ്ഥാപനങ്ങൾക്കുള്ള ബഹുമതികൾ വേദിയിൽ വെച്ച് വിശിഷ്ടാതിഥികൾ സമ്മാനിച്ചു. അമേസിങ് ബഹ്‌റൈൻ – ഡാറ്റ മാർക് നൽകിയ പുരസ്ക്കാരം ഫഹദാൻ ഗ്രൂപ്പ് ചെയർമാൻ നിസാർ റാസാ ബീഗത്തിനും ടീമിനും സമർപ്പിച്ചു.

ഉറുദു ഗസൽ ശകാലങ്ങളാൽ ആരംഭിച്ച സംഗീത രാവ് ‘ഓമലാളെ നിന്നെ ഓർത്ത്’ എന്ന വരികളിൽ എത്തിയപ്പോഴെക്കും സദസ്സിന്റെ നിലക്കാത്ത കൈയ്യടികളാൽ മുഖരിതമായിരുന്നു. സംഘത്തെ ഏറെ പ്രശസ്തരാക്കിയ ‘ഓമലാളെ’ എന്ന ഗാനത്തിൻറെ രചയിതാവും റാസയുടെ ആത്മ സുഹൃത്തും സഹപാഠിയുമായിരുന്ന ഇപ്പോൾ ബഹ്റൈനിൽ പ്രവാസ ജീവിതം നയിക്കുന്ന യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് യൂനസ് സെലീമിൻറെ വേദിയിലേക്കുള്ള കടന്ന് വന്ന് വരവ് സദസ്സിനെ ധന്യമാക്കി.

ഗസൽ ദമ്പതികൾക്കൊപ്പം കുഞ്ഞു മകൾ സൈനബുല്‍ യുസ്‌റയുടെ സാനിധ്യവും സദസിന് നവ്യാനുഭവമായി. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ പെരുന്നാൾ ഗാനത്തോടൊപ്പം കുഞ്ഞു സൈനു പാടിയെറിഞ്ഞ ‘നീയെറിഞ്ഞ കല്ലെന്ന’ ഗാനവും പൂച്ചെണ്ടുകളായ് ആസ്വാദകരുടെ ഹൃദയത്തിൽ തറച്ചു. പ്രശസ്ത ഗായകൻ ഉമ്പായിയുടെ മകൻ സമീർ ഉമ്പായിയുടെ ഗിറ്റാർ താളങ്ങളും ഗാനവും സദസ്സിന് ഏറെ ഉണർവേകി. ഓർക്കസ്ട്രേഷൻ വയലിനിൽ വിവേക് ​​രാജ കെസിവിയുടെയും തബലയിൽ ജിത്തു ഉമ്മൻ തോമസിന്റെയും മാസ്മരിക പ്രകടനങ്ങൾ കൂടിയായപ്പോൾ സംഘത്തിലെ ഓഡിയോ എഞ്ചിനീയർ സൽജാസ് കൊണ്ടോട്ടിയിലൂടെ സംഗീതനിശ ഏറെ ആസ്വാദ്യകരമായിത്തീർന്നു.

പരിപാടിയുടെ വിജയത്തിൽ റാസാ ബീഗവും സംഘവും സംഘാടകരും സന്തോഷം പങ്കുവെക്കുന്നു

സംഘാടകർ ഒരുക്കിയ രുചികരമായ രാത്രി ഭക്ഷണ ശേഷവും സദസ്സിന്റെ നിരന്തരമായ അഭ്യർത്ഥന മാനിച്ച് ഏറെ വൈകിയാണ് ‘ഓമലാളെ നിന്നെ ഓർത്ത്..’ എന്ന ബഹ്റൈൻ മലയാളികൾക്ക് മറക്കാൻ കഴിയാത്ത റാസാ ബീഗത്തിന്റെ ഗസൽരാവ് സമാപിച്ചത്.

Watch Live: https://fb.watch/cOzPpVwG6m/

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!