മനാമ: കോവിഡ് മഹാമാരിക്കാലാനന്തരം സജീവമായ ബഹ്റൈൻ വ്യാപാര മേഖലക്ക് പുത്തനുണർവേകി പ്രമുഖ സൂപ്പർ മാർക്കറ്റ് ശൃംഖലയായ ഫുഡ് വേൾഡ് ഗ്രൂപ്. രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലായി 3 പുതിയ ‘ഫുഡ് വേൾഡ് 24Hrs മാർക്കറ്റുകൾ’ കൂടി തുറന്നു. സൽമാൻ സിറ്റി, അവാലി, സഅദ എന്നിവിടങ്ങളിലായാണ് മൂന്ന് ശാഖകൾ മെയ് 27 മുതൽ പ്രവർത്തനമാരംഭിച്ചത്.
രാവിലെ 9:30 ന് സൽമാൻ സിറ്റി ശാഖ നോർത്തേൺ ഗവർണറേറ്റ് മുൻസിപ്പൽ കൗൺസിൽ അംഗം മുഹമ്മദ് അൽ ദൊസരി ഉദ്ഘാടനം ചെയ്തു. 10:30 ഓടെ അവാലിയിലെ ശാഖ ബാപ്കോ ഓപറേഷൻ & പ്രൊജക്ട്സ് ഡയറക്ടറായ എൻജി. ഖാലിദ് അൽ ഹജും സതേൺ ഗവർണറേറ്റ് മുൻസിപ്പൽ കൗൺസിൽ തലവൻ ബദർ അൽ തമീമിയും ചേർന്നാണ് ഉദ്ഘാടന കർമം നിർവഹിച്ചത്.
വൈകിട്ട് 5 ന് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ സഅദയിലെ ശാഖ Edamah സി ഇ ഒ അമിൻ അൽ അരയേദ് ഉദ്ഘാടനം ചെയ്തു. ഫുഡ് വേൾഡ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും സിഇഒ യുമായ മുഹമ്മദ് ഷവാദ്, ഡയറക്ടർമാരായ മുഹമ്മദ് സഫീർ, മുഹമ്മദ് ഷഫീഖ്, മുഹമ്മദ് ഷെരീഫ്, റാഷിദ് എന്നിവരും ബഹ്റൈൻ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
2011 ൽ ഹമദ് ടൗണിലെ ബാപ്കോ പെട്രോൾ പമ്പിന് സമീപമാണ് ഫുഡ് വേൾഡ് ഗ്രൂപ്പിൻ്റെ ആദ്യ ശാഖ പ്രവർത്തനമാരംഭിക്കുന്നത്. ബുസൈതീൻ, മനാമ, മൽകിയ, അറാദ്, ഹമദ് ടൗൺ, ഗലാലി, അദ്ലിയ, സീഫ്, അൽ സൈഹ്, സൽമാബാദ് എന്നിങ്ങനെ ബഹ്റൈൻ്റെ വിവിധ ഭാഗങ്ങളിലായി നിലവിൽ നിരവധി ബ്രാഞ്ചുകളാണ് ഫുഡ് വേൾഡ് ഗ്രൂപ്പിന് കീഴിൽ മാത്രമായി പ്രവർത്തിക്കുന്നത്.
പ്രവർത്തനമാരംഭിച്ച് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധേയമായ വളർച്ച കൈവരിക്കാനായത് പ്രവാസികൾക്കൊപ്പം സ്വദേശികളും ബഹ്റൈൻ ഭരണകൂടവും ഒരുക്കിയ അകമഴിഞ്ഞ പിന്തുണ ഒന്നുകൊണ്ട് മാത്രമാണെന്ന് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മുഹമ്മദ് ഷവാദ് പറഞ്ഞു. ബാപ്കോ പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് പുതുതായി തുറക്കാനുള്ള കൂടുതൽ ശാഖകളുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ടെന്നും ഏവരുടെയും പ്രാർഥനയും സഹകരണവും കൂടെയുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.