മനാമ: ബഹ്റൈൻ നവകേരള കലാ സാഹിത്യ വേദി കമലാ സുരയ്യ അനുസ്മരണം നടത്തി. സാഹിത്യ വേദി കോ ഓർഡിനേറ്റർ എസ്.വി. ബഷീറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ അനുസ്മരണ യോഗത്തിൽ പ്രമുഖ സാംസ്കാരിക പ്രവർത്തകനും വാഗ്മിയുമായ ഇ.എ സലിം മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. കിളി കൊഞ്ചൽ മൊഴികളിലൂടെ സാഹിത്യ ഭൂമികയിൽ കലാപം സൃഷ്ടിച്ചവരായിരുന്നു കമല സുരയ്യയെന്ന മാധവിക്കുട്ടി . എന്റെ കഥയെ മലയാളി തെറ്റിദ്ധരിച്ചത് നീർമാതളം പൂക്കുമ്പോൾ സൗരഭ്യമാണെന്നതു പോലെയാണ്. വിശ്വാസമാറ്റത്തിന്റെ സമയത്തും ഞാനെന്റെ കൃഷ്ണനെ കൂടെ കൊണ്ടുപോകുന്നുവെന്നു പറയുന്ന കമല സുരയ്യയെയാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്. മലയാളി അവരെ വേണ്ട പോലെ പരിഗണിച്ചോ എന്നു നാം സ്വയം വിലയിരുത്തണം. ചർച്ചയിൽ നവകേരള കോ ഓഡിനേഷൻ സെക്രട്ടറി ഷാജി മൂതല, രാമത്ത് ഹരിദാസ്, സോപാനം ഉണ്ണികൃഷ്ണൻ, പങ്കജ്നാഭൻ, അബിത സുഹൈൽ, ഷെരീഫ് എന്നിവർ സംസാരിച്ചു. എ.കെ. സുഹൈൽ സ്വാഗതവും സുനിൽ ദാസ് നന്ദിയും പറഞ്ഞു.
