മനാമ: രക്തദാന മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ച വെച്ച് മുന്നേറുന്ന ബ്ലഡ് ഡോണേഴ്സ് കേരള (ബി ഡി കെ) ബഹ്‌റൈൻ ചാപ്റ്ററിനെ ലോക രക്തദാന ദിനത്തിൽ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ആദരിച്ചു. ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ കെ. ടി.സലിം, പ്രസിഡന്റ് ഗംഗൻ തൃക്കരിപ്പൂര്‍ എന്നിവർ ആദരവ് ഏറ്റുവാങ്ങി.
കൂടുതൽ തവണ പ്ലേറ്റ്ലെറ്റുകൾ ദാനം ചെയ്ത ബിഡികെ ബഹ്‌റൈൻ എക്സിക്യൂട്ടീവ് അംഗം സാബു അഗസ്റ്റിൻ, സുധീർ ഉണ്ണികൃഷ്ണൻ എന്നിവരെയും ചടങ്ങിൽ പ്രത്യേകം ആദരിച്ചു. ജീവരക്തം നൽകി നന്ദി വാക്കിനുപോലും കാത്തുനിൽക്കാതെ സേവനം ചെയ്യുന്ന ബിഡികെ എന്ന കൂട്ടായ്മക്ക് 2011 ൽ വിനോദ് ഭാസ്കരൻ എന്ന ഒരു സാധാരണ കെ എസ് ആർ ടി സി കണ്ടക്ടർ ആണ് തുടക്കം കുറിച്ചത്. 2014 ൽ ചാരിറ്റബിൾ സൊസൈറ്റി ആയി കേരളത്തിൽ രജിസ്ട്രർ ചെയ്ത് ഇന്ന് കേരളത്തിലെ 14 ജില്ലകളിലും കൂടാതെ മംഗലാപുരം ,ബാംഗ്ലൂർ ചെന്നൈ, ഡൽഹി മുതൽ ഗൽഫ് രാജ്യങ്ങൾ, കാനഡ, സിംഗപ്പൂർ വരെ ബി ഡി കെ പ്രവർത്തകർ ഒരേ മനസ്സോടെ സേവനം ചെയ്യുന്നു. രക്തദാനം കൂടാതെ സ്നേഹസദ്യയെന്ന പേരിൽ തെരുവോരങ്ങളിലെ പാവങ്ങളുടെ വിശപ്പ് അകറ്റുവാനും ബിഡികെ ശ്രമിച്ചുവരുന്നു.