മേഖലയുടെ സുരക്ഷയും സമാധാനവും ഉറപ്പാക്കണം; ത്രിരാഷ്ട്ര ഉച്ചകോടിയിൽ പങ്കെടുത്ത്‌ ഹ​മ​ദ്​ രാ​ജാ​വ്​

മനാമ: ജോർഡൻ, ഈജിപ്ത്, ബഹ്റൈൻ ത്രിരാഷ്ട്ര ഉച്ചകോടിയിൽ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ പങ്കെടുത്തു. ഈജിപ്തിലെ ശറമുശ്ശൈഖിൽ നടന്ന ഉച്ചകോടിയിൽ ഹമദ് രാജാവിനെ കൂടാതെ ഈജിപ്ത് പ്രസിഡന്‍റ് അബ്ദുൽ ഫതാഹ് അസ്സീസി, ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ എന്നിവരും സന്നിഹിതരായിരുന്നു. മൂന്നു രാജ്യങ്ങൾക്കുമിടയിലുള്ള ബന്ധം ശക്തമാക്കാനും പരസ്പര സഹകരണത്തിലൂടെ മുന്നോട്ടുപോകാനും തീരുമാനിച്ചു.

ജി.സി.സി രാഷ്ട്രങ്ങൾ, ജോർഡൻ, ഈജിപ്ത്, അമേരിക്ക, ഇറാഖ് എന്നീ രാജ്യങ്ങൾ ചേർന്നുള്ള സംയുക്തയോഗം സൗദിയിൽ ചേരുന്നതിനെ നേതാക്കൾ സ്വാഗതംചെയ്തു. മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചക്കെടുക്കാനും പരിഹരിക്കാനും അറബ് മേഖലയുടെ സുരക്ഷ ശക്തമാക്കാനും ഇതുവഴി സാധിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് കൈക്കൊള്ളാനും അതുവഴി സുരക്ഷയും സമാധാനവും ഉറപ്പാക്കാനും സാധിക്കുമെന്നും വിലയിരുത്തി.