മനാമ: മൈത്രി അസോസിയേഷൻ അഞ്ചാം വാർഷികവും ഈദ് ഫെസ്റ്റ് 2022ഉം സംയുക്തമായി വിവിധ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ജൂലൈ 11ന് വൈകീട്ട് 6.30ന് സെഗയ്യയിലെ കെ.സി.എ ഹാളിൽ നടക്കുന്ന ഈദ് ഫെസ്റ്റിൽ ഐഡിയ സ്റ്റാർ സിംഗർ ഫെയിം ഇമ്രാൻ ഖാൻ നയിക്കുന്ന ഇശൽ നിലാവ് അരങ്ങേറും. ഇതോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രമുഖ മോട്ടിവേഷനൽ സ്പീക്കറായ പി.എം.എ ഗഫൂർ മുഖ്യപ്രഭാഷണം നടത്തും. ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക മേഖലയിലെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. ബി.എം.സിയുടെ ബാനറിൽ മൈഡിയ അവതരിപ്പിക്കുന്ന പരിപാടിയുടെ മുഖ്യപ്രായോജകർ ശിഫ അൽ ജസീറ മെഡിക്കൽ സെന്റർ, കിംസ് മെഡിക്കൽ സെന്റർ എന്നിവരാണ്. വാർഷികാഘോഷത്തിന്റെ ഭാഗമായി രക്തദാന ക്യാമ്പ്, സമ്മർ ക്യാമ്പ് എന്നിവയും സംഘടിപ്പിക്കും.
തെക്കൻ കേരളത്തിൽനിന്നുള്ള സാമൂഹിക പ്രവർത്തകരുടെ ഒത്തൊരുമയിൽ രൂപപ്പെടുത്തിയതാണ് മൈത്രി അസോസിയേഷൻ. ബഹ്റൈനിലുണ്ടായിരുന്ന സിയാദ് ഏഴംകുളം, ബാദുഷ തേവലക്കര, അഡ്വ. ഷബീർ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ച മൈത്രി ഇന്ന് ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി സജീവമാണ്.
കഴിഞ്ഞവർഷങ്ങളിൽ ഏറെ ചാരിതാർഥ്യജനകമായ പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ വ്യക്തമാക്കി. രക്തദാനം, മെഡിക്കൽ ക്യാമ്പ്, ഫുഡ് കിറ്റ് വിതരണം, വിദ്യാഭ്യാസ സഹായം, ഉയർന്ന വിജയം നേടിയ കുട്ടികൾക്ക് പ്രോത്സാഹനം, സാമൂഹിക മേഖലയിലുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചർച്ചകൾ, ലേബർ ക്യാമ്പുകളിൽ സഹായമെത്തിക്കൽ, ഇഫ്താർ കിറ്റ് വിതരണം, ചികിത്സ സഹായം തുടങ്ങി ഒട്ടേറെ ജനസേവന പ്രവർത്തനങ്ങൾ ചുരുങ്ങിയ കാലയളവിനുള്ളിൽ നടത്താൻ കൂട്ടായ്മക്ക് സാധിച്ചു.
മൈത്രി അഞ്ചാം വാർഷികം വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്നതിന് സ്വാഗതസംഘം രൂപവത്കരിച്ചിട്ടുണ്ട്. ഷിബു പത്തനംതിട്ടയുടെ നേതൃത്വത്തിലുള്ള സമിതിയാണ് വാർഷിക പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത്. വാർത്തസമ്മേളനത്തിൽ പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, ജന. സെക്രട്ടറി മുസ്തഫ സുനിൽ, സെക്രട്ടറി സലീം തയ്യിൽ, ട്രഷറർ അബ്ദുൽ ബാരി, വൈസ് പ്രസിഡന്റ് സകീർ ഹുസൈൻ, സ്വാഗത സംഘം ചെയർമാൻ ഷിബു പത്തനംതിട്ട, പ്രോഗ്രാം കൺവീനർ ഷിബു ബഷീർ, വൈസ് ചെയർമാൻ സഈദ് റമദാൻ നദ്വി തുടങ്ങിയവർ സംബന്ധിച്ചു.