മനാമ: ഗൾഫ് രാജ്യങ്ങളിൽ വേനലവധിയും ഈദും വന്നതോടെ ജൂൺ മുതലുള്ള വിമാന ടിക്കറ്റ് നിരക്കുകളിൽ ഭീമമായ വർധന. അയ്യായിരം രൂപയില്‍ തുടങ്ങിയിരുന്ന ഗൾഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകളില്‍ പത്തിരട്ടി വരെ വര്‍ധനയുണ്ടായെന്ന് യാത്രക്കാർ പരാതിപ്പെടുന്നുണ്ട്. അന്താരാഷ്ട്ര ടിക്കറ്റ് നിരക്ക് നാൽപ്പത് ശതമാനത്തോളം ഉയര്‍ന്നു. ആഭ്യന്തര യാത്രാ നിരക്ക് ഇരുപത് ശതമാനവും വര്‍ധിച്ചു. അവധി കഴിഞ്ഞ് പ്രവാസികൾ തിരിച്ച് ഗൾഫ് രാജ്യങ്ങളിലേക്ക് മടങ്ങുന്ന ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ ടിക്കറ്റ് നിരക്കുകളും ഇപ്പോൾ തന്നെ കുതിച്ചു കേറി കഴിഞ്ഞു. യാത്രക്കാരും, വിവിധ സംസ്ഥാനങ്ങളും നിരക്ക് കുറക്കാന്‍ ഇടപെടണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടും പതിവ് നിസ്സംഗതയാണ് ഇത്തവണയും തുടരുന്നത്.
കോഴിക്കോട് നിന്നും ബഹ്റൈനിലേക്ക് പോകണമെങ്കില്‍ മിനിമം മുപ്പത്തി ആറായിരം രൂപയെങ്കിലും മുടക്കണമെന്നതാണ് ഇന്നത്തെ അവസ്ഥ. കൊച്ചിയിൽ നിന്ന് 35000, തിരുവനന്തപുരത്തു നിന്നും 38000, കണ്ണൂരിൽ നിന്നും അന്പത്തിനായിരത്തിനും മുകളിലാണ് ടിക്കറ്റ് നിരക്കുകൾ തുടങ്ങുന്നത്. ഓൺലൈൻ ടിക്കറ്റ് എന്ന ചൂഷണം ഇന്ന് ചൂതാട്ടമായി മാറിയിരിക്കയാണെന്നും വിമാനക്കമ്പനികൾതന്നെ ടിക്കറ്റ് തടഞ്ഞുവെച്ച് കൃത്രിമമായി തിരക്കുണ്ടാക്കുകയാണെന്നും വിവിധ കേന്ദ്രങ്ങളിൽ നിന്ന് വിമർശനം ഉയരുന്നുണ്ട്.
വിമാന ഇന്ധനവില ഉയർന്നതാണ് നിരക്ക് കാര്യമായി ഉയരാന്‍ കാരണമായി കമ്പനികൾ പറയുന്നത്. ജൂൺ രണ്ടാം വാരം 16 ശതമാനം വിലകൂടി പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന വിലയാണ് ഇപ്പോൾ വിമാന ഇന്ധനത്തിന്. കൂടാതെ രൂപയുടെ മൂല്യ തകർച്ചയും ടിക്കറ്റ് നിരക്ക് ഉയർത്താന്‍ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.