മനാമ: 14ാമത് ബഹ്റൈൻ സമ്മർ ഫെസ്റ്റിവലിന് ബഹ്‌റൈൻ നാഷണൽ മ്യൂസിയത്തിൽ തുടക്കമായി. ബഹ്റൈൻ സാംസ്കാരിക, പൈതൃക അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സമ്മർ ഫെസ്റ്റിവൽ രാജ്യത്തിന്റെ ബഹുസ്വരത എടുത്തുകാണിക്കുന്നതാണ്. സന്ദർശകരെ സ്വാഗതം ചെയ്ത അതോറിറ്റി അധ്യക്ഷ ശൈഖ മായ് ബിൻത് മുഹമ്മദ് ആൽ ഖലീഫ, ആഘോഷത്തിന്റെ പ്രധാന സവിശേഷതകൾ വിശദീകരിച്ചു.
വ്യത്യസ്ത സംസ്കാരങ്ങളെയും ജനങ്ങളെയും ഒരുമിച്ചുകൊണ്ടുവരുന്നതാണ് സമ്മർ ഫെസ്റ്റിവൽ എന്ന് അവർ പറഞ്ഞു. വിവിധ ശിൽപശാലകളും മത്സരങ്ങളും സാംസ്‌കാരിക പരിപാടികളും ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ബഹ്റൈൻ നാഷനൽ മ്യൂസിയം, ആർട്ട് സെന്റർ, കൾചറൽ ഹാൾ എന്നിവിടങ്ങളിൽ നടക്കുന്ന പരിപാടികൾ ജൂലൈ 31വരെ നീണ്ടുനിൽക്കും. വൈകീട്ട് അഞ്ചു മുതൽ ഒമ്പതുവരെയാണ് ഫെസ്റ്റിവൽ സമയം. പ്രവേശനം സൗജന്യമാണ്.