മനാമ: ലോകത്തെ ഏറ്റവും വലിയ കാർഗോ വിമാനമായ എയർബസ് ബെലൂഗ വെള്ളിയാഴ്ച ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി. ആദ്യമായാണ് ഈ വിമാനം ബഹ്‌റൈനിൽ എത്തുന്നത്. ഉത്തരധ്രുവത്തിൽ ജീവിക്കുന്ന ബെലൂഗ എന്ന തിമിംഗലത്തിന്റെ രൂപ സാദൃശ്യമുള്ളതുകൊണ്ടാണ് എയർബസ് കമ്പനി വിമാനത്തിന് ആ പേര് നൽകിയത്.
ആകാശത്തിമിംഗലം എന്നും ഈ വിമാനം അറിയപ്പെടുന്നുണ്ട്. രണ്ട് നീലത്തിമിംഗലങ്ങളുടെ നീളമാണ് ഈ വിമാനത്തിനുള്ളത്. കഴിഞ്ഞ ദിവസം ഇന്ധനം നിറക്കാൻ ചെന്നൈ വിമാനത്താവളത്തിലും ഈ വിമാനം ഇറങ്ങിയിരുന്നു.
മനോഹരമായ ഡിസൈൻ കൊണ്ടാണ് എയർബസ് ബെലുഗ കാഴ്ചയിൽ വ്യത്യസ്തനാകുന്നത്. കരുത്തുറ്റ എയർബസ് ബെലുഗയ്ക്ക് 56.16 മീറ്റർ നീളവും 17.25 മീറ്റർ ഉയരവും 7.7 മീറ്റർ വീതിയും ഉണ്ട്. ബെലുഗയ്ക്ക് പരമാവധി പേലോഡ് ശേഷി ഏകദേശം 40 ടൺ ആണ്. പരമാവധി ടേക്ക് ഓഫ് ഭാരം 155 ടണ്ണുമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വലിയ യന്ത്രങ്ങൾ, ചെറു വിമാനങ്ങൾ, വാഹനങ്ങൾ എന്നിവ അതിവേഗം എത്തിക്കുവാനാണ് സാധാരണയായി ഈ ചരക്ക് വിമാനം ഉപയോഗിക്കുന്നത്.
https://www.facebook.com/BahrainAirport/posts/5155798444475007