മനാമ: ഇന്ത്യയുടെ 76ാം സ്വാതന്ത്ര്യ ദിനം, ബഹ്റൈനും ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിെന്റ 50ാം വാർഷികം എന്നിവയോടനുബന്ധിച്ച് ബഹ്റൈൻ പ്രതിഭ ഹെൽപ് ലൈൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിങ് ഹമദ് യൂനിവേഴ്സിറ്റി ആശുപത്രിയിൽ രക്തദാന ക്യാമ്പ് നടത്തി. രക്തബാങ്കിലെ ജീവനക്കാരും സന്നിഹിതരായ ചടങ്ങിൽ പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ അധ്യക്ഷത വഹിച്ചു.
മുഖ്യരക്ഷാധികാരി പി. ശ്രീജിത്ത്, പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, മുഹറഖ് മേഖല പ്രസിഡന്റ് കെ.പി. അനിൽ എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി പ്രദീപ് പതേരി സ്വാഗതവും ഹെൽപ് ലൈൻ കൺവീനർ നൗഷാദ് പൂനൂർ നന്ദിയും പറഞ്ഞു.
സ്വാതന്ത്ര്യ സമര പോരാളികളെ സ്മരിക്കുന്ന ഈ വേളയിൽ സ്വാതന്ത്ര്യസമര നേതാവായ പി കൃഷ്ണപിള്ളയുടെ അനുസ്മരണ ദിനമായ ആഗസ്റ്റ് 19ന് രക്തദാനം സംഘടിപ്പിച്ചത് മാതൃകാപരമാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. നൂറിലേറെ പ്രതിഭ പ്രവർത്തകർ രക്തദാനം ചെയ്ത ക്യാമ്പിൽ മധുരം വിതരണംചെയ്തും ദേശീയപതാക വീശിയും സ്വാതന്ത്ര്യ ദിന സ്മരണ പുതുക്കി.
								
															
															
															
															








