സൈബർ തട്ടിപ്പ്; യുവതിയിൽനിന്ന് 1500 ദീനാർ തട്ടിയെടുത്ത കേസിൽ രണ്ട് പേർക്ക് മൂന്നു വർഷം തടവും പിഴയും നാടുകടത്തലും

മനാമ: സൈബർ തട്ടിപ്പിലൂടെ സ്വദേശി യുവതിയിൽനിന്ന് 1500 ദീനാർ തട്ടിയെടുത്ത കേസിൽ രണ്ട് ബംഗ്ലാദേശി യുവാക്കൾക്ക് മൂന്നു വർഷം ജയിൽ ശിക്ഷ. കഴിഞ്ഞ വർഷം നവംബറിലാണ് കേസിനാസ്പദമായ കുറ്റകൃത്യം നടന്നത്. ബാങ്ക് ജീവനക്കാരെന്ന് പരിചയപ്പെടുത്തിയാണ് പ്രതികൾ യുവതിയെ ഫോണിൽ വിളിച്ചത്. ബാങ്ക് അക്കൗണ്ടിലെ വ്യക്തിഗത വിവരങ്ങൾ പുതുക്കണമെന്ന് പറഞ്ഞ പ്രതികൾ ഒരു ലിങ്ക് യുവതിയുടെ ഫോണിലേക്ക് അയച്ചു. ലിങ്ക് തുറന്ന് സി.പി.ആർ, മൊബൈൽ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ യുവതി നൽകി.

വൈകാതെ അക്കൗണ്ടിൽനിന്ന് 1500 ദീനാർ നഷ്ടമായപ്പോഴാണ് തട്ടിപ്പ് ബോധ്യമായത്. തുടർന്ന് പരാതി നൽകുകയും പൊലീസ് അന്വേഷണത്തിൽ പ്രതികൾ പിടിയിലാവുകയും ചെയ്തു. പ്രതികൾക്ക് 1000 ദീനാർ വീതം പിഴയും ഹൈ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷാ കാലാവധിക്കുശേഷം പ്രതികളെ നാടുകടത്തുകയും ചെയ്യും.