മനാമ: 16 വര്‍ഷമായി ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന കൊല്ലം കല്ലട സ്വദേശി ബാഹുലേയന്‍ (62) കൊല്ലം പ്രവാസി അസോസിയേഷന്‍റെ സഹായത്താല്‍ നാടണഞ്ഞു. ജോലിസ്ഥലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്നതായുള്ള വിവരം കെ.പി.എ ചാരിറ്റി വിങ്ങിനു ലഭിച്ചതിനെതുടർന്ന് കെ.പി.എ സൽമാബാദ് ഏരിയ ഭാരവാഹികളുടെ നേതൃത്വത്തിൽ നടത്തിയ ഇടപെടലാണ് ഇദ്ദേഹത്തിന് തുണയായത്.
18 വർഷത്തെ സൗദി പ്രവാസത്തിനു ശേഷമാണ് ഇദ്ദേഹം ബഹ്റൈനിൽ എത്തിയത്. കുറച്ചുമാസമായി കമ്പനി അടച്ചിട്ടിരിക്കുന്നതിനാൽ ശമ്പളം ഇല്ലായിരുന്നു. ഷീറ്റിട്ട വർക്ക്ഷോപ്പിൽ എ.സി പോലും ഇല്ലാതെയാണ് ഇദ്ദേഹം താമസിച്ചിരുന്നത്. നിരവധി രോഗങ്ങൾ അലട്ടുന്ന ബഹുലേയന് മൂന്നുവർഷമായി നാട്ടിൽ പോകാന്‍ സാധിച്ചിട്ടില്ല. കെ.പി.എയുടെ ശ്രമഫലമായി ഇദ്ദേഹത്തിെൻറ സ്പോൺസറെ കണ്ടെത്തുകയും ആവശ്യമായ രേഖകള്‍ സംഘടിപ്പിക്കുകയും ചെയ്തു. അത്യാവശ്യം സാധനങ്ങള്‍ അടങ്ങിയ ഗള്‍ഫ് ഗിഫ്റ്റ് നല്‍കിയാണ് ഇദ്ദേഹത്തെ നാട്ടിലേക്ക് യാത്രയാക്കിയത്. കെ.പി.എ സല്‍മാബാദ് ഏരിയ പ്രസിഡൻറ് ലിനീഷിെൻറ നേതൃത്വത്തിൽ ഭാരവാഹികളായ ജോസ് ജി. മങ്ങാട്, സുരേഷ് എസ്. ആചാരി, ശ്രീജിത്ത് പി. നായർ, ഗ്ലാൻസൺ സെബാസ്റ്റ്യൻ എന്നിവർ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.