മെറ്റാ ഗ്രൂപ്പിൻറെ പ്രമുഖ ഓൺലൈൻ മെസേജിങ് ആപ്പായ വാട്സ്ആപ്പ് നിശ്ചലമായി. ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കാനോ സ്വീകരിക്കാനോ സാധിക്കുന്നില്ല. ലോകവ്യാപകമായി പ്രശ്നം റിപ്പോർട്ട് ചെയ്തതായി ട്വിറ്ററിൽ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി. അതേസമയം, ഇതുസംബന്ധിച്ച് വാട്സാപ്പിൻറെ ഭാഗത്തു നിന്നും ഔദ്യോഗിക പ്രതികരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. വാട്സ്ആപ്പിന്‍റെ സമൂഹമാധ്യമ ഹാൻഡിലുകളിൽ ഇതുസംബന്ധിച്ച് വിശദീകരണമൊന്നും നൽകിയിട്ടില്ല.
ബഹ്‌റൈൻ സമയം രാവിലെ 10 മണിയോടുകൂടിയാണ് വാട്സ്ആപ്പ് സേവനങ്ങൾക്ക് തടസം നേരിട്ടത്. വാട്സ്ആപ്പ് സ്റ്റോറികളും ലോഡാവുന്നില്ല. പ്രതിമാസം 200 കോടിയോളം സജീവ ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ ചാറ്റ് പ്ലാറ്റ്‌ഫോമാണ് വാട്സ്ആപ്പ്. ഫേസ്ബുക്കിനും യൂട്യൂബിനും ശേഷം മൂന്നാമത്തെ വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുമാണ്.