മനാമ: ഗുദൈബിയിൽ സ്ഥിതി ചെയ്യുന്ന അൽ മന്നാഈ കമ്യൂണിറ്റീസ് അവയർനെസ് സെന്ററിന്റെ മലയാളം വിഭാഗം പ്രവാസി ഖുർആൻ പഠന ക്ലാസ് ആരംഭിച്ചു. ഇസ്ലാമിക മന്ത്രാലയത്തിലെ പണ്ഡിതൻ ഡോ. മഹ്ബൂബ് അഹ്മദ് അബു ആസിം ഉദ്ഘാടനം ചെയ്തു. ഖുർആനിനോടു വിശ്വാസികൾ പാലിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ പഠിതാക്കളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവന്ന അദ്ദേഹത്തിന്റെ പ്രസംഗം ഏറെ ശ്രദ്ധേയമായി.
കെ.എം.സി.സി ബഹ്റൈൻ ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ ആശംസകൾ നേർന്നു. പ്രവാസജീവിതത്തിൽ ഖുർആൻ പഠന ക്ലാസ് കൊണ്ട് കിട്ടിയ അറിവുകൾ അദ്ദേഹം പങ്കുവെച്ചു. സോഷ്യൽ വെൽഫെയർ മനാമ ബ്രാഞ്ച് ചെയർമാൻ ശൈഖ് സ്വലാഹ് അബ്ദുൽ ജലീൽ അൽ ഫഖി സംസാരിച്ചു. ഖുർആൻ ജീവിതത്തിലേക്ക് കൊണ്ടുവന്നാൽ ഒരു മനുഷ്യനിൽ വിനയം, സൽസ്വഭാവം തുടങ്ങിയവ കൈവരുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ശമീർ ഫാറൂഖി പറഞ്ഞു.
അബ്ദുൽ ഗഫൂർ പാടൂർ സ്വാഗതം പറഞ്ഞു. ബഹ്റൈന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ധാരാളം പഠിതാക്കൾ പങ്കെടുത്തു. ഖുർആൻ പഠന ക്ലാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 36708203, 3940 9709 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.