കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ ദ്യശ്യങ്ങൾ പുറത്തുവിട്ടു. കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ പിലാത്തറ എയുപി സ്‌കൂളില്‍ 19-ാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നത്. സംഭവത്തിൽ കുറ്റം തെളിഞ്ഞാൽ കാസര്‍കോട്, കണ്ണൂര്‍ ജില്ല കളക്ടര്‍മാരും പോളിംഗ് ഉദ്യോഗസ്ഥരും മറുപടി നല്‍കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കി.
പിലാത്തറ എ യു പി സ്കൂളിൽ കള്ളവോട്ട് നടന്നതിന്റെ തെളിവുകൾ ഇന്നു രാവിലെയാണ് പുറത്തുവന്നത് വന്നത്. ആറ് പേര്‍ കള്ളവോട്ട് ചെയ്യുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രിസൈഡിംഗ് ഓഫീസറെ കാഴ്ചക്കാരനാക്കിയാണ് കള്ളവോട്ട് ചെയ്യുന്നത്. ആളുമാറി വോട്ട് ചെയ്യുന്നതും ഒരാള്‍ തന്നെ രണ്ട് തവണ വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് മറ്റ് ബൂത്തിലുള്ളവര്‍ വോട്ട് ചെയ്യുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. കള്ളവോട്ട് ചെയ്തവരില്‍ വനിത പഞ്ചായത്ത് അംഗവും ഉള്‍പ്പെട്ടിട്ടുണ്ട്. പിലാത്തറക്ക് പുറമെ തൃക്കരിപ്പൂരിലും പയ്യന്നൂരിലും എരമംകുറ്റൂരും കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
കണ്ണൂരില്‍ വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് വോട്ടെടുപ്പ് കഴിഞ്ഞ പിറ്റേന്ന് തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.സുധാകരന്‍ പറഞ്ഞിരുന്നു. ഇതിന്റെ തെളിവുകള്‍ പുറത്ത് വിടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.