മനാമ: ബഹ്റൈനിൽ നിയമവിരുദ്ധ പലിശയിടപാട് നടത്തുന്ന സംഘങ്ങൾ സാധാരണക്കാരായ പ്രവാസികളെ ചൂഷണം ചെയ്യുന്നത് വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പലിശക്കെണിയിൽ അകപ്പെട്ട ഇരകളുടെ സംഗമവും സെമിനാറും സംഘടിപ്പിക്കുമെന്ന് പലിശ വിരുദ്ധ ജനകീയ സമിതി അറിയിച്ചു. നവംബർ 25 വെള്ളിയാഴ്ച വൈകുന്നേരം ആറുമണിക്ക് സഗയയിലെ ബിഎംസി ഓഡിറ്റോറിയത്തിൽ നടക്കുന്ന ജനകീയ സെമിനാർ ഐ.സി.ആർ.എഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ബഹറൈൻ പാർലമെൻറ് അംഗങ്ങളും പ്രവാസി സംഘടനാ നേതാക്കളും സംബന്ധിക്കുന്ന പരിപാടിയിൽ ഐസി.ആർ.എഫ് വൈസ് ചെയർമാൻ കൂടിയായ അഡ്വക്കേറ്റ് വി.കെ. തോമസ് നിയമ ബോധവൽക്കരണം നടത്തും.
പലിശ വിരുദ്ധ സമിതി ചെയർമാൻ ജമാൽ ഇരിങ്ങൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജ.സെക്രട്ടറി ദിജീഷ് കഴിഞ്ഞമാസം പലിശ വിരുദ്ധ സമിതി നടത്തിയ ഇടപെടലുകളുടെ റിപ്പോർട്ട് അവതരിപ്പിച്ചു.
മനോജ് വടകര, ഷാജി മൂതല, ഷിബു പത്തനംതിട്ട, ബദ്റുദ്ദീൻ പൂവ്വാർ, അഷ്കർ പൂഴിത്തല, യോഗാനന്ദ് കാശ്മിക്കണ്ടി എന്നിവർ സംസാരിച്ചു. പലിശ വിരുദ്ധ ജനകീയ സമിതി ജനറൽ സെക്രട്ടറി ദിജീഷ് സ്വാഗതവും കൺവീനർ യോഗാനന്ദ് നന്ദിയും പറഞ്ഞു.