ദോഹ: ഗ്രൂപ്പ് ഇ യിലെ രണ്ടാം മത്സരത്തിൽ എതിരില്ലാത്ത ഏഴ് ഗോളുകൾക്ക് കോസ്റ്ററീക്കയെ തകർത്ത് സ്‌പെയിൻ. ആദ്യ 31 മിനിറ്റിനിടെ തന്നെ മൂന്നു ഗോളടിച്ച് സ്പെയിൻ ആധിപത്യമുറപ്പിച്ചിരുന്നു. ഡാനി ഓൽമോ (11), മാർക്കോ അസെൻസിയോ (21), ഫെറാൻ ടോറസ് (31, 54), ഗാവി (74), സോളർ (90), മൊറാറ്റ(90+2) എന്നിവരാണ് സ്പെയിനായി ഗോൾ നേടിയത്.
പതിവുപോലെ മത്സരത്തിന്റെ തുടക്കം മുതല്‍ പന്തടക്കത്തില്‍ ആധിപത്യം പുലര്‍ത്തിയ സ്‌പെയ്ന്‍ മികച്ച അവസരങ്ങളും ഒരുക്കി. കോസ്റ്ററിക്കൻ ബോക്സിലേക്ക് നടത്തിയ തുടർ ആക്രമണങ്ങളുടെ തുടർച്ചയായിരുന്നു സ്പെയിനിന്റെ ആദ്യ ഗോൾ. 74 ആം മിനിറ്റിൽ നേടിയ ഗോളിലൂടെ പെലെക്ക് ശേഷം ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഗവി മാറി.