നിയമവിരുദ്ധ പണമിടപാട് നടത്തുന്നവർക്ക് താക്കീതായി പലിശവിരുദ്ധ ജനകീയ സംഗമം

മനാമ: പ്രവാസി സമൂഹത്തിലെ സാധാരണക്കാരായ മനുഷ്യരുടെ നിസഹായാവസ്ഥ ചൂഷണം ചെയ്ത് നിർബാധം തടിച്ചു കൊഴുക്കുന്ന കൊള്ളപ്പലിശക്കാർക്കെതിരെയുള്ള താക്കീതായി മാറി കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പലിശ വിരുദ്ധ ജനകീയ സംഗമം. ഒപ്പിട്ട ബ്ലാങ്ക് മുദ്രപത്രങ്ങളും, ബ്ലാങ്ക് ചെക്ക് ബുക്കുകളും പാസ്പോർട്ടും കൈക്കലാക്കി പ്രവാസിയുടെ നാട്ടിലേക്കുള്ള തിരിച്ചു പോക്ക് പോലും സാധ്യമാകാത്ത രീതിയിൽ ഇവിടെ പലരെയും കുടുക്കിയിട്ടിരിക്കുകയാണ് പലിശക്കാർ. വ്യാജ രേഖകൾ ഉണ്ടാക്കിയും ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും രേഖകളിൽ ഒപ്പീടിച്ചും ഇത് കോടതിയിൽ നൽകി ഇരകളെ ജയിലിലും ജീവിതകാലം മുഴുവൻ പ്രവാസത്തിലും തളച്ചിടുന്ന നിയമവിരുദ്ധ പണമിടപാട് നടത്തുന്ന ചൂഷകരായ മലയാളികൾ ഉൾപ്പെടുന്ന പലിശക്കാരാണ് ഇവിടെ ഉള്ളത്. ഇത്തരക്കാർക്കെതിരെ സാമൂഹിക പ്രതിബദ്ധയുള്ള മുഴുവൻ മനുഷ്യ സ്നേഹികളും ഒരുമിച്ചു മുന്നോട്ട് പോവണമെന്നും പലിശ വിരുദ്ധ ജനകീയ സമിതി സംഘടിപ്പിച്ച ജനകീയ സംഗമവും ബോധവൽക്കരണ സെമിനാറും ആവശ്യപ്പെട്ടു.

ദൈനംദിന ജീവിതത്തിൽ വന്ന് ചേരുന്ന അത്യാവശ്യ കാര്യങ്ങൾ നിർവഹിക്കുവാൻ മിനിമം പലിശക്ക് പണം കടം എടുത്തവർ മുതലും പലിശയുമടക്കം വാങ്ങിയതിന്റെ നാലും അഞ്ചും ഇരട്ടി മടക്കി നൽകിയിട്ടും പിന്നെയും പണത്തിനായി ഭീഷണിപ്പെടുത്തുന്ന സംഭവങ്ങൾ ഇരകളാക്കപ്പെട്ടവർ സദസിനു മുന്നിൽ തുറന്നു പറഞ്ഞു. ഭീമമായ തുകകൾ ഒപ്പിട്ട ബ്ലാങ്ക് പേപ്പറുകളിൽ എഴുതിച്ചേർത്ത് നിയമ നടപടികൾക്ക് വിധേയമാക്കിയ സംഭവങ്ങളുടെ വിവരണങ്ങളും ഇരകളുടെ ഉള്ളുതുറന്നുള്ള കഥനകതകളും കാഴ്ചക്കാരുടെ ഉള്ളുലയ്ക്കുന്നതായിരുന്നു.

ഐ. സി. ആർ. എഫ് ചെയർമാൻ ഡോക്ടർ ബാബുരാമചന്ദ്രൻ ജനകീയ സംഗമം ഉദ്ഘാടനം ചെയ്തു. പ്രവാസികൾ തങ്ങളുടെ വരുമാനത്തിൽ നിന്നുകൊണ്ട് ജീവിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. അതോടൊപ്പം ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ ഐ. സി. ആർ. എഫ് മുഖേന ഇന്ത്യൻ എംബസി വഴി പരിഹാരം കാണുന്നതിന് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പലിശ വിരുദ്ധ ജനകീയ സമിതി ചെയർമാൻ ജമാൽ ഇരിങ്ങൽ അധ്യക്ഷനായിരുന്നു. ബഹ്റൈനിലെ സാമൂഹിക പ്രതിബദ്ധതയുള്ള മുഴുവൻ സംഘടനകളുടെയും പിന്തുണയോടെ പ്രവർത്തിക്കുന്ന പലിശ വിരുദ്ധ സമിതിയുടെ ജനകീയ സംഗമങ്ങളും ബോധവൽക്കരണ സെമിനാറുകളും പലിശക്കെണിയിൽ കുടുങ്ങിയവരുടെ ഒത്തുചേരലുകളും ബഹ്റൈനിന്റെ എല്ലാ ഭാഗത്തും സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഐസിആർഎഫ് വൈസ് ചെയർമാൻ കൂടിയായ അഡ്വക്കേറ്റ് വി.കെ തോമസ് നിയമ ബോധവൽക്കരണ പ്രഭാഷണവും സദസ്യരുടെ അന്വേഷണങ്ങൾക്ക് മറുപടിയും നൽകി. ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ആശംസകൾ നേർന്നു സംസാരിച്ചു.

ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരായ അഡ്വ. മാധവൻ കല്ലത്ത്, പങ്കജ് നെല്ലൂർ, ഷാഫി പറക്കട്ട, ശ്രീധർ തേറമ്പിൽ, ഷാജി കാർത്തികേയൻ, ബിനു കുന്നന്താനം, ബദറുദ്ദീൻ പൂവാർ, റഫീഖ് അബ്ദുള്ള, അബൂബക്കർ ഹാജി, നവാസ് കുണ്ടറ, അഷ്കർ പൂഴിത്തല, രാമത്ത് ഹരിദാസ്, കമാൽ മുഹിയുദ്ധീൻ, നൗഷാദ് അമ്മാനത്ത്, ലത്തീഫ് കോളിക്കൽ, സിനു കക്കട്ടിൽ, അനീഷ്, വിനു ക്രിസ്റ്റി, സുഹൈൽ, ചന്ദ്രബോസ്, സുധി പുത്തൻവേലിക്കര, ഷാഫി ബഹ്‌റൈൻ വാർത്ത തുടങ്ങിയവർ ജനകീയ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. പലിശ വിരുദ്ധ ജനകീയ സമിതി ജനറൽ സെക്രട്ടറി ദിജീഷ് സ്വാഗതവും ബിനു കുന്നന്താനം നന്ദിയും പറഞ്ഞു. യോഗാനന്ത് കഷ്മിക്കണ്ടി, ഷിബു പത്തനംതിട്ട, അനസ് റഹീം, മണിക്കുട്ടൻ, ഷാജി മൂതല, മനോജ് വടകര, ബദറുദ്ദീൻ പൂവാർ, സിബിൻ സലീം, അഷ്കർ പൂഴിത്തല എന്നിവർ നേതൃത്വം കൊടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!