തിരുവനന്തപുരം: ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്ത് രൂപംകൊണ്ട അതിതീവ്ര ന്യൂനമർദം ഫാനി ചുഴലിക്കാറ്റായി രൂപപ്പെട്ടുവരുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചെന്നൈയിൽനിന്ന് 1250 കിലോമീറ്ററും ശ്രീലങ്കയിലെ ട്രിങ്കോമാലി തീരത്തുനിന്ന് 880 കിലോമീറ്ററും ദൂരത്തിൽ രൂപംകൊണ്ട ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തിപ്രാപിച്ച് തീരം ലക്ഷ്യമാക്കി നീങ്ങും. കേരളത്തിലടക്കം വിവിധയിടങ്ങളില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നു തീരപ്രദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വടക്ക്-പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്ന കാറ്റ് ചൊവ്വാഴ്ചയോടെ തമിഴ്‌നാട്, ആന്ധ്ര തീരത്തേക്ക് അടുക്കുമെന്നാണ് പറയുന്നത്. കാറ്റ് കൂടുതൽ ശക്തി പ്രാപിക്കുകയും ചൊവ്വാഴ്ചയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറുകയും ചെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 170 കിലോമീറ്റർവരെ വേഗത്തിൽ ഫാനി വീശാൻ സാധ്യതയുള്ളതിനാൽ തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര തീരങ്ങളിൽ കനത്ത ജാഗ്രത പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഞായറാഴ്ച രാവിലെമുതൽ മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിലും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മണിക്കൂറിൽ 40-50 കിലോമീറ്ററിലും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വേഗത്തിലുമുള്ള കാറ്റിന് സാധ്യതയുണ്ട്.