മനാമ: നൂതന സാങ്കേതിക വിദ്യകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബഹ്‌റൈൻ പ്രതിഭ ശാസ്ത്ര ക്ലബ് “ശാസ്ത്രം,മനുഷ്യൻ,യന്ത്രം” -റോബോട്ടിക്‌സ് ഒരു ആമുഖം എന്ന വിഷയത്തിൽ റോബോട്ടിക്‌സ് പരിശീലന ക്ലാസ് സംഘടിപ്പിച്ചു.നാളിതു വരെയുള്ള മനുഷ്യ പുരോഗതി ശാസ്ത്രത്തിലൂടെ ആണ് നടക്കുന്നതെന്ന് ക്ലാസ് ഉദ്‌ഘാടനം ചെയ്തുകൊണ്ട് പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത് ചൂണ്ടിക്കാണിച്ചു.
റോബോട്ടിക് മാതൃകകൾ കാണിച്ചു കൊണ്ട് ഷൈജു മാത്യു നയിച്ച പരിശീലന ക്ലാസ് കുട്ടികൾക്കും മുതിർന്നവർക്കും വിജ്ഞാനപ്രദം ആയിരുന്നു. നിർമിത ബുദ്ധിയും റോബോട്ടിക്‌സും വരും കാലങ്ങളിൽ എന്തൊക്കെ മാറ്റങ്ങൾ ആണ് ഉണ്ടാക്കുന്നത് എന്ന് അദ്ദേഹം വിശദീകരിച്ചു . പരിശീലന ക്ലാസ് കുട്ടികൾക്ക് ആവേശവും കൗതുകവും നൽകി. പരിശീലനം പൂർത്തിയാക്കിയ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പത്തേരി വിതരണം ചെയ്തു. കുട്ടികളിൽ ശാസ്ത്ര ബോധം വളർത്തുന്നതിൽ പ്രതിഭ ശാസ്ത്ര ക്ലബ് നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ശാസ്ത്ര ക്ലബ് കൺവീനർ ഹരി പ്രകാശ് മാഷ് സ്വാഗതവും സുഭാഷ് നന്ദിയും രേഖപ്പെടുത്തി.