ഫോനി ചുഴലിക്കാറ്റ് ഒഡീഷാ തീരത്തെത്തി; കനത്ത മഴയും കാറ്റും

ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരം തൊട്ടും. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് ചുഴലിക്കാറ്റ് ഒഡീഷാ തീരത്തെത്തിയത്. മണിക്കൂറില്‍ 170 കിലോമീറ്റര്‍ മുതല്‍ 180 കിലോമീറ്റര്‍ വരെ വേഗത്തിലാകും ചുഴലിക്കാറ്റ് വീശുക. കാറ്റിന്റെ വേഗത ഇരുന്നൂറ് കിലോമീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട്. ഇത് അതിശക്തമായ മഴയ്ക്കും സമുദ്രക്ഷോഭത്തിനും കാരണമാകും. തീരദേശ തീർഥാടന നഗരമായ പുരിയിൽ വെള്ളം കയറി. 11 ലക്ഷംപേരെ അഭയാർഥി കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. 1999ലെ സൂപ്പര്‍ ചുഴലിക്കാറ്റിനു ശേഷം വീശുന്ന ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റാണ് ഫോനി.

പതിനായിരത്തോളം ഗ്രാമങ്ങളും അമ്പതിലധികം നഗരങ്ങളുമാണ് ഫോനി വീശിയടിക്കാന്‍ സാധ്യതയുള്ളത്. ഭുവനേശ്വറില്‍നിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കുകയും വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ ശനിയാഴ്ച വൈകിട്ട് ആറുമണി വരെ കൊല്‍ക്കത്ത വിമാനത്താവളം അടച്ചിടുകയും ചെയ്യും. വിനോദസഞ്ചാരികളോട് കൊല്‍ക്കത്തവിടാന്‍ ബംഗാള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒഡീഷയിലെ 9 ജില്ലകൾക്കു പുറമേ ആന്ധ്രപ്രദേശ്, ബംഗാൾ എന്നിവിടങ്ങളിലെ 10 ജില്ലകളിൽകൂടി ‘യെലോ അലർട്ട്’ പ്രഖ്യാപിച്ചു. ശനിയാഴ്ചയോടെ ബംഗാള്‍ തീരം കടന്ന് ബംഗ്ലാദേശിലേക്ക് ഫോനി കടക്കുമെന്നാണ് റിപ്പോർട്ട്.