ബസ്റ: ഇറാഖിൽ നടക്കുന്ന 25-ആമത് ഗൾഫ് കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ വിജയത്തുടർച്ചയുമായി ബഹ്റൈൻ. ഗ്രൂപ്പ് ബി യിലെ രണ്ടാം അങ്കത്തിൽ ഖത്തറിനെ 2:1 ന് തകർത്താണ് നിലവിലെ ചാമ്പ്യൻമാർ വിജയം നേടിയത്. ആദ്യ പകുതിയിലെ 34ാം മിനിറ്റിൽ അഹ്മദ് അലാൽദീൻ നേടിയ ഗോളിലൂടെ മത്സരത്തിൽ ആധിപത്യമുറപ്പിച്ച ഖത്തറിന് 72-ാം മിനിറ്റിൽ അബ്ദുൽ വഹാബിലൂടെ സംഭവിച്ച സെൽഫ് ഗോൾ വിനയാവുകയായിരുന്നു. സമനിലയിൽ അവസാനിക്കുമെന്ന് കരുതിയ വാശിയേറിയ മത്സരത്തിൽ 89ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ബഹ്റൈന് അനുകൂല വിധി സമ്മാനിച്ചു. നിർണായക സമയത്തെ പെനാൽറ്റി ബഹ്റൈൻ ഫോർവേഡ് സൂപ്പർ താരം അബ്ദുള്ള യൂസുഫ് കൃത്യമായി വലയിലെത്തിച്ചു.
ഇതോടെ ഗ്രൂപ്പ് ബി യിൽ 6 പോയിന്റോടെ ബഹ്റൈൻ ഒന്നാമതായി സെമി പ്രതീക്ഷകൾക്ക് നിറം പകർന്നു. 3 പോയിന്റ് വീതം നേടി ഖത്തറും കുവൈത്തുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. രണ്ട് മത്സരങ്ങളും പരാജയപ്പെട്ട യു എ ഇയാണ് നാലാമത് .
ഇനി ജനുവരി 13 ന് കുവൈത്തുമായാണ് ബഹ്റൈൻന്റെ ഗ്രൂപ്പിലെ അവസാന മത്സരം.
ഗ്രൂപ് ‘എ’ യിൽ 4 പോയിന്റ് വീതം നേടി ആതിഥേയരായ ഇറാഖും ഒമാനുമാണ് നിലവിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ഇന്നലെ ഇറാഖിനോട് തോറ്റ സൗദി 3 പോയിന്റുമായി മൂന്നാമതാണ്, സെമിയിൽ പ്രവേശിക്കാൻ ഒമാനുമായുള്ള അടുത്ത മത്സരം നിർണായകമാകും. രണ്ട് മത്സരങ്ങളും തോറ്റ യെമൻ നാലാമതാണ്.
രണ്ടു ഗ്രൂപ്പുകളിലായി രണ്ടു ടീമുകൾ വീതമാണ് സെമിയിലേക്ക് യോഗ്യത നേടുക.