മനാമ: ബഹ്റൈൻ ടെന്നിസ് ക്രിക്കറ്റ് ഓർഗനൈസേഷൻ (ബി.ടി.സി.ഒ) ടൂർണമെന്റുകളിൽ 300 വിക്കറ്റും 2000 റൺസും എന്ന അപൂർവ ഓൾറൗണ്ട് നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമായി പ്രവാസി മലയാളി. തിരുവനന്തപുരം നെല്ലിമൂട് സ്വദേശിയും സചിൻ ക്രിക്കറ്റ് ക്ലബ് താരവുമായ ശ്യാം രാജ് ആണ് ഈ റെക്കോഡ് നേട്ടം സ്വന്തമാക്കിയത്.
വെള്ളിയാഴ്ച നടന്ന ഹിദ്ദ് പ്രീമിയർ ലീഗ് മത്സരത്തിൽ ബി.യു.സി.സി ക്രിക്കറ്റ് ടീമിനെതിരെ ആറു റൺസിന് അഞ്ചു വിക്കറ്റ് നേട്ടം കൊയ്തപ്പോഴാണ് റെക്കോഡ് പിറന്നത്. ശ്യാമിന്റെ മികച്ച പ്രകടനത്തിൽ മത്സരം സചിൻ ക്രിക്കറ്റ് ക്ലബ് എട്ടു വിക്കറ്റിന് വിജയിച്ചു. ശ്യാം രാജിന്റെ നേട്ടത്തെ ബി.ടി.സി.ഒ സമൂഹമാധ്യമ പേജുകളിലും അഭിനന്ദിച്ചിട്ടുണ്ട്. ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷനു കീഴിലുള്ള ബഹ്റൈൻ ടെന്നിസ് ക്രിക്കറ്റ് ഓർഗനൈസേഷനിൽ 108 ക്ലബുകളാണുള്ളത്.
ഇന്ത്യക്കാർ ഉൾപ്പെടെ വിവിധ രാജ്യക്കാർ ഈ ക്ലബുകളിൽ കളിക്കുന്നുണ്ട്. സിയാം ഗ്രൂപ്പിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ശ്യാം രാജ് നാട്ടിൽ സ്കൂൾ ക്രിക്കറ്റ് ടീമിൽ സജീവമായിരുന്നു. 10 വർഷം മുമ്പ് ബഹ്റൈനിലെത്തിയ ഇദ്ദേഹം ഒമ്പതു വർഷമായി സചിൻ ക്രിക്കറ്റ് ക്ലബിനുവേണ്ടി കളിക്കുന്നു. സിനില ശ്യാം രാജാണ് ഭാര്യ. ഹൃദ്യ ശ്യാംരാജ് മകളാണ്. മികച്ച നേട്ടം സ്വന്തമാക്കിയ ശ്യാം രാജിനെ ബി.ടി.സി.ഒ ഓർഗനൈസിങ് കമ്മിറ്റി മെംബർ അനീഷ് നായർ മെമന്റോ നൽകി ആദരിച്ചു.