മനാമ: ക്ഷേമ രാഷ്ട്രത്തിന് വേണ്ടിയുള്ള സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക് എന്ന ആശയത്തെയാണ് ഇന്ത്യൻ ഭരണഘടന മുന്നോട്ടുവയ്ക്കുന്നത് എന്ന് ഫൈസൽ മാടായി. പ്രവാസി വെൽഫെയർ സംഘടിപ്പിച്ച റിപബ്ലിക് ദിന സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിലെ മുഴുവൻ പൗരന്‍മാര്‍ക്കും വേര്‍തിരിവുകളും വിവേചനങ്ങളുമില്ലാതെ ജീവിക്കാനും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും അവരവരുടെ സാമൂഹിക, സാംസ്‌കാരിക, മതമൂല്യങ്ങള്‍ മുറുകെ പിടിക്കാനും അവകാശം നല്‍കുന്നതാണ് ഇന്ത്യന്‍ ഭരണഘടന. ഈ പരമോന്നത നിയമസംഹിതയോടാണ് ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായി നിലനില്‍ക്കുന്നതില്‍ രാജ്യം കടപ്പെട്ടിരിക്കുന്നത്.
രാജ്യത്തെ പൗരസമൂഹം എന്ന നിലയിൽ ഭരണഘടനയെ പഠിക്കുകയും മനസ്സിലാക്കുകയും അതിനെ സംരക്ഷിക്കേണ്ട കടമകളും ഉത്തരവാദിത്തങ്ങളും വിളിച്ചോതിയാണ് ഓരോ റിപ്പബ്ലിക് ദിനവും നമ്മിൽ നിന്നും കടന്നു പോകുന്നത്. നമ്മുടെ രാജ്യത്തിൻ്റെ ജനാധിപത്യവും മതേതരത്വവും ആഗോളതലത്തില്‍ തന്നെ ശ്രദ്ധ നേടിയതാണ്. വിവിധ സംസ്കാരങ്ങളെ ഉള്‍ക്കൊള്ളുന്നതോടൊപ്പം ഇന്ത്യയുടെ മഹിത സംസ്കാരം നിലനിർത്തുന്നതിനും മത, ജാതി, വർഗ, വർണങ്ങൾക്കതീതമായി ഇന്ത്യക്കാരെന്ന ഒറ്റ മനസ്സ് രൂപപ്പെടുത്താനും രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനും റിപബ്ലിക് ദിനത്തിൻറെ ഓരോ ഓർമ്മ പുതുക്കലും നമുക്ക് പ്രചോദനം ആകേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
വൈവിധ്യങ്ങളില്‍ ഐക്യം കണ്ടെത്തി, അത് രാജ്യത്തിൻറെ ശക്തിയായി മാറ്റിയ രാജ്യമാണ് ഇന്ത്യ. നമ്മുടെ പൂര്‍വികര്‍ വിഭാവനം ചെയ്തു നല്‍കിയ ഭരണഘടനയ യുടെ അന്തഃസത്ത ഉള്‍ക്കൊണ്ട് രാജ്യത്തിൻറെ ജനാധിപത്യ- മതേതരത്വ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കണം എന്ന് റിപ്പബ്ലിക് ദിന സംഗത്തിന് അധ്യക്ഷത വഹിച്ച പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ പറഞ്ഞു.
2022ൽ പ്രവാസികൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങായി 100 ബില്യൺ ഡോളർ അഥവാ 8,17,915 കോടി രൂപ ഇന്ത്യയിലേയ്ക്കയച്ചു എന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ പ്രവാസി ദിവസിൽ പറയുകയുണ്ടായി. കോവിഡിന് ശേഷമുള്ള പ്രതിസന്ധിക്കിടയിലും ഒരു വർഷത്തിനിടെ 12 ശതമാനം വർധനവ് പ്രവാസി പണവരവിലുണ്ടായി എന്നാണ് ധനകാര്യ മന്ത്രി വ്യക്തമാക്കിയത്. യത്. എന്നാൽ രാജ്യപുരോഗതിയിലും രാജ്യത്ത് നടക്കുന്ന നവോത്ഥാന പ്രവർത്തനങ്ങളിലും മുഖ്യ പങ്കാളികളാകുന്ന പ്രവാസികൾക്ക് രാജ്യത്തെ ഭരണഘടന എല്ലാ മനുഷ്യർക്കും വിഭാവനം ചെയ്യുന്ന വോട്ടവകാശം ഉൾപ്പെടെയുള്ള അവകാശങ്ങൾ ഉറപ്പ് വരുത്തണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രവാസി വെൽഫെയർ ആക്ടിംഗ് സെക്രട്ടറി ആഷിക് എരുമേലി ഭരണഘടനയുടെ ആമുഖം വായിച്ചു. ഇർഷാദ് കോട്ടയം സ്വാഗതവും ഫസലുറഹ്മാൻ നന്ദിയും പറഞ്ഞു