മനാമ: നീണ്ടുവരുന്ന തലമുടി മുറിച്ചെടുത്ത് ബഹ്‌റൈനിലെ അർബുദ രോഗികൾക്ക് രണ്ടാമതും ദാനം നൽകി മാഹി സ്വദേശി ഫിറോസിന്റെ മകൾ ഫാസ്ബിയ മാതൃകയായി. ഇബിനുൽ ഹൈത്തം സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ ഫാസ്ബിയ നേരത്തെ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴും തലമുടി അർബുദ രോഗികൾക്ക് ദാനം നൽകിയിരുന്നു. ഇത്തവണ മാതാവ് റുബീന ഫിറോസും മകളുടെ കൂടെ തലമുടി അർബുദ രോഗികൾക്കായി നൽകി.
മകളുടെ ഇത്തരത്തിലുള്ള ആഗ്രഹം 2019 ലും ഈ തവണയും പിതാവ് കാൻസർ കെയർ ഗ്രൂപ്പ്ന്റെ സ്ഥാപക അംഗം കെ.ടി.സലീമുമായി പങ്കുവെച്ച്, “ഹെഡ് റ്റു റ്റിയൂ” എന്ന സലൂൺ മുഖേനെയാണ് അർബുദരോഗികൾക്ക് ഉപകരിക്കാൻ ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് കൈമാറിയത്.
റേഡിയേഷനും കീമോയും എടുക്കുന്ന അർബുദ രോഗികൾക്ക് മുടി കൊഴിയുമ്പോൾ വിഗുണ്ടാക്കാൻ ഇങ്ങനെ നൽകുന്ന തലമുടി പ്രയോജനപ്പെടുമെന്നും ഇത്തരത്തിൽ നല്കാൻ താൽപ്പര്യമുള്ളവർക്ക് ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ 17233080 എന്ന നമ്പറിൽ വിളിച്ചു മുൻകൂട്ടി അനുമതി വാങ്ങി മുടി മുറിച്ചെടുത്ത് വൃത്തിയുള്ള പ്ലാസ്റ്റിക്ക് കവറിലാക്കി നേരിട്ട് നൽകുകയോ ചെയ്യാമെന്ന് കെ. ടി. സലിം അറിയിച്ചു.