സ്‌നേഹസമ്പന്നമായ കേരളപ്പെരുമ വീണ്ടെടുക്കുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള ശ്രമങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തിയുള്ള ബോധവത്കരണവുമായി ഐ.സി.എഫ്. 2023 ജനുവരി മുതല്‍ മാര്‍ച്ച് വരെ നടത്തപ്പെടുന്ന ‘സ്‌നേഹ കേരളം- പ്രവാസത്തിന്റെ കരുതല്‍’ ക്യാമ്പയിന്‍ വൈവിധ്യമായ പരിപാടികളോടെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. പ്രവാസലോകത്ത് ഏറ്റവും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളും ജനകീയാടിത്തറയുമുള്ള ഐ.സി.എഫ്. ഈ ക്യാമ്പയിനിന്റെ ഭാഗമായി ഐ.സി.എഫ് ബഹ്‌റൈന്‍ നാഷണല്‍ കമ്മിറ്റി ഫെബ്രുവരി 25നു ശനിയാഴ്ച രാത്രി 8 മണിക്ക് മനാമ കെ.സി.എ.ഹാളില്‍ സംഘടിപ്പിക്കുന്ന ‘ഹാര്‍മണി കോണ്‍ക്ലേവ്’ ബഹുമാന്യനായ കേരള വനം വകുപ്പ് മന്ത്രി ശ്രീ. എ.കെ. ശശീന്ദ്രന്‍ ഓണ്‍ലെനില്‍ ഉദ്ഘാടനം ചെയ്യും. ഐ.സി.എഫ് ഇന്റര്‍ നാഷണല്‍ ജനറല്‍ സെക്രട്ടരി നിസാര്‍ സഖാഫി ഒമാന്‍ പ്രമേയ പ്രഭാഷണം നടത്തും. ബഹ്‌റൈനിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകരായ ഡോ. ബാബു രാമചന്ദ്രന്‍, സോമന്‍ ബേബി, പി.വി. രാധാക്യഷ്ണപിള്ള, റവ. ഷാബു ലോറന്‍സ്, സുബൈര്‍ കണ്ണൂര്‍, ഡോ. ജോണ്‍ പനക്കല്‍, പ്രിന്‍സ് നടരാജന്‍, ഹബീബുറഹ്മാന്‍, ബഷീര്‍ അമ്പലായി, ഫ്രാന്‍സിസ് കൈതാരത്ത്, കെ.ടി.സലീം, പ്രദീപ് പത്തേരി, പി. ഉണ്ണികൃഷ്ണന്‍, ബിനു കുന്നന്താനം, നിത്യന്‍ തോമസ്, ഡോ.ചെറിയാന്‍, അബ്രഹാം ജോണ്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
ഏറെ വിശ്രുതമായ കേരളത്തിന്റെ പൂര്‍വ്വകാല സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും നന്മകള്‍ കൂടുതല്‍ പ്രസരിപ്പിക്കുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമാക്കുന്നത്. അതിരുകളില്ലാത്ത സ്‌നേഹ- സഹവര്‍ത്തിത്വത്തിന്റെ സൗന്ദര്യമായിരുന്നു കേരളത്തിന്റെ മുഖശ്രീ. അതിന് വിഘാതമാവുന്ന തരത്തില്‍ വിദ്വേഷത്തിന്റെ വിഷം പേറുന്ന ചില ചിന്താഗതികളും വിഷവിത്തുകളും നമ്മുടെ മനോഹരമായ അന്തരീക്ഷത്തെ പൊടിപടലമാക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന ഏറെ ആശങ്കയുയര്‍ത്തുന്ന പശ്ചാത്തല ത്തിലാണ് ഈ കാമ്പയിന്‍ നടത്തുന്നത്.
നമ്മുടെ നാട് സ്‌നേഹസൗഹൃദത്താല്‍ സുരക്ഷിതമായി നിലനില്‍ക്കണമെങ്കില്‍ എല്ലാതരം അപായങ്ങള്‍ ക്കെതിരെയും സമൂഹം ഉണര്‍ന്നിരിക്കണം. പഴയകാലത്തെ സാമൂഹികബന്ധങ്ങള്‍ പുനര്‍നിര്‍മ്മിക്കപ്പെ ടേണ്ടതുണ്ട്. അത്തരമൊരു ഉണര്‍ത്തലാണ് ഐസിഎഫ് നടത്തിക്കൊണ്ടിരിക്കുന്നത്. സ്‌നേഹത്തിന്റെ കൈമാറ്റങ്ങള്‍ കൊണ്ട് ഊഷ്മളമായ മലയാളിത്വത്തെ എല്ലാ തിളക്കത്തോടെയും തിരിച്ചു പിടിക്കാനും വെറുപ്പിന്റെ എല്ലാവിധ നികൃഷ്ടതകളെയും സൗഹൃദത്തിന്റെ സ്‌നേഹപരിചരണം കൊണ്ട് ഉണക്കി ക്കളയാനുമുള്ള ജാഗ്രതയാണ് സ്‌നേഹകേരളം ക്യാമ്പയിന്‍.
ജനമനസ്സുകളിലേക്ക് സ്‌നേഹസൗഹൃദ സന്ദേശം നേരിട്ട് കൈമാറുക എന്ന ഏറ്റവും ജനകീയമായ ദൗത്യമാണ് ഇതിന്റെ ഭാഗമായി സംഘടന ഏറ്റെടുത്ത പ്രഥമ പ്രവര്‍ത്തനം. രണ്ടാഴ്ചക്കാലം നീണ്ടുനിന്ന ‘മീറ്റ് ദി പീപ്പിള്‍’ എന്ന ഈ സന്ദേശ കൈമാറ്റത്തില്‍ ഐസിഎഫ് ഘടകങ്ങളിലെ പ്രവര്‍ത്തകര്‍ ഐതിഹാസികമായ മുന്നേറ്റമാണ് നടത്തിയത്. സൗഹൃദം പൂത്തുലഞ്ഞ ഈ യാത്രയെ സ്‌നേഹ ഹര്‍ഷങ്ങളോടെ പ്രവാസി സമൂഹം സ്വീകരിച്ചുവെന്നത് നല്‍കുന്ന ശുഭപ്രതീക്ഷ ചെറുതൊന്നുമല്ല. 3 പേരടങ്ങിയ 1452 ടീമുകള്‍ 83287 പേര്‍ക്ക് നേരിട്ട് സന്ദേശം കൈമാറി.
ക്യാമ്പയിന്റെ രണ്ടാം ഘട്ടത്തില്‍ ഏഴ് നാഷണല്‍ തലത്തില്‍ ഹാര്‍മണി കോണ്‍ക്ലേവ്, അഞ്ച് പ്രൊവിന്‍സുകളില്‍ ഹാര്‍മണി കൊളോക്യം, 80 സെന്‍ട്രലുകളില്‍ ‘സ്‌നേഹത്തണലില്‍, നാട്ടോര്‍മകളില്‍’, 700 സെക്ടര്‍/യൂണിറ്റ് തലത്തില്‍ ചായച്ചര്‍ച്ച, വീഡിയോ സന്ദേശം എന്നിവയാണ് പ്രവാസത്തില്‍ നടക്കുന്ന പരിപാടികള്‍. വിവിധ മതവിശ്വാസികള്‍ കൂട്ടായും ഒറ്റക്കും സ്‌നേഹകേരളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ ഓഡിയോ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയ സങ്കേതങ്ങള്‍ വഴി പ്രചരിപ്പിക്കും. പ്രവാസലോകം കാത്ത് സൂക്ഷിക്കുന്ന ആഴത്തിലുള്ള സൗഹൃദത്തെ സാഘോഷിക്കുന്നവയാവും ഇവ.
പരിപാടികളില്‍ കേരളത്തില്‍ നിന്നുള്ള മതമേലധ്യക്ഷന്മാര്‍, പണ്ഡിതന്മാര്‍, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എ മാര്‍, രാഷ്ട്രീയ പ്രമുഖര്‍, സാഹിത്യകാരന്മാര്‍, സാമൂഹിക, സാംസ്‌കാരിക സംഘടന നേതാക്കള്‍, വ്യാവസായിക പ്രമുഖര്‍, പത്രപ്രവര്‍ത്തകര്‍, ശ്രദ്ധേയ വ്യക്തിത്വങ്ങള്‍ തുടങ്ങിയവര്‍ സ്‌നേഹകേരളം വീണ്ടെടുക്കാനും നിലനിര്‍ത്താനുമുള്ള കാഴ്ചപ്പാടുകളും നിര്‍ദ്ദേശങ്ങളും അവതരിപ്പിക്കും.
കേരളത്തിലെ മുനിസിപ്പല്‍ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ സ്‌നേഹപ്പഞ്ചായത്ത്, സംസ്ഥാന തലത്തില്‍ സെമിനാര്‍ എന്നിവയും നടക്കും. ഇതിന്റെ ഭാഗമായി ലോഞ്ച് ചെയ്യപ്പെടുന്ന snehakeralam.com വെബ്‌സൈറ്റിലൂടെ സ്‌നേഹകേരളം സുസാധ്യമാക്കുന്നതിനുള്ള ആശയങ്ങളും സന്ദേശങ്ങളും പ്രചരിപ്പിക്കും. കേരളത്തില്‍ നടക്കുന്ന ‘സ്‌നേഹപ്പഞ്ചായത്ത്’ പഴയകാല ഗ്രാമസ്‌നേഹ സൗഹാര്‍ദങ്ങളുടെ കഥകള്‍ ഓര്‍ക്കുകയും ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്ന, നാടിന്റെ സ്വാസ്ഥ്യം കെടുത്തുന്ന, വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന ദുഷ്ടശക്തികള്‍ക്കെതിരെ എല്ലാ താല്പര്യങ്ങള്‍ക്കുമതീതമായി ഒന്നിച്ചുനില്‍ക്കണമെന്ന് ആഹ്വാനം ചെയ്യുന്ന പരിപാടിയായിരിക്കും. ഓരോ പ്രദേശത്തെയും ഗ്രാമപഞ്ചായത്ത്, നഗരസഭകളിലെ ഭരണ പ്രതിപക്ഷ പ്രതിനിധികള്‍, പരിധിയിലെ മത, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ, ആരോഗ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. പ്രവാസ മാതൃകകളെ പ്രോജ്വലിപ്പിക്കുന്ന ആവിഷ്‌കാരങ്ങള്‍ പരിപാടിയില്‍ നടക്കും. മാര്‍ച്ച് 17 വെള്ളിയാഴ്ച ഇന്റര്‍നാഷണല്‍ തലത്തില്‍ നടക്കുന്ന പ്രൗഢമായ സമ്മേളനത്തോടെ യായിരിക്കും സ്‌നേഹകേരളം ക്യാമ്പയിന് പരിസമാപ്തിയാവുക.