മനാമ: ‘ആഗതമായ പുണ്യ മാസത്തിന്റെ പരിശുദ്ധിയെ ഒട്ടും കുറയാതെ തങ്ങളുടെ കർമ്മങ്ങളിൽ സ്വാംശീകരിക്കാൻ ഓരോ വിശ്വാസിയും ജാഗ്രത പുലർത്തണമെന്ന്’ അബ്ദുൽ ജബ്ബാർ അബ്ദുല്ല അൽ മദീനി വിശ്വാസ സമൂഹത്തെ ഓർമ്മിപ്പിച്ചു.
ജംഇയ്യത്തു തർബിയത്തുൽ ഇസ്ലാമിയയുടെ നേതൃത്വത്തിൽ ഉമ്മുൽ ഹസം കിംഗ് ഖാലിദ് മസ്ജിദിൽ വെച്ച് നടന്ന അഹ്‌ലൻ റമദാൻ പ്രഭാഷണ പരിപാടിയിൽ “മാറുന്ന കാലവും മാറാത്ത മാസവും” എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിലെ പിന്തുടർച്ചാവകാശ നിയമത്തിൽ വർത്തമാനകാലത്ത് നടക്കുന്ന വിമർശനങ്ങൾ മതത്തെ ശരിയായ രീതിയിൽ മനസ്സിലാക്കാത്തതിന്റെ പരിണിതഫലമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അബ്ദുൽ ഗഫൂർ പാടൂരിന്റെ സ്വാഗതത്തോടെ തുടങ്ങിയ പരിപാടിയിൽ യാഖൂബ് ഈസ്സ അദ്ധ്യക്ഷത വഹിച്ചു. പ്രതികൂല കാലാവസ്ഥയിലും ഒഴുകിയെത്തിയ ജനങ്ങളുടെ പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി. ജനറൽ സെക്രട്ടറി രിസാലുദ്ദീൻ നന്ദി പ്രകാശിപ്പിച്ചു.