മാപ്പിളപ്പാട്ടിന്റെ സുൽത്താൻ എരഞ്ഞോളി മൂസ (79) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തലശ്ശേരി ഗോപാല്‍പേട്ടയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. എരഞ്ഞോളി വലിയകത്തെ ആസിയയുടെയും അബ്‌ദുവിന്റെയും മകനാണ് മൂസ. ഗ്രാമീണ കലാസമിതികളിലൂടെയാണ് ഇദ്ദേഹം കലാരംഗത്ത് വളർന്നുവന്നത്. ആയിരത്തിലധികം മാപ്പിളപ്പാട്ടുകള്‍ ആലപിച്ചിട്ടുണ്ട്. ‘അരിമുല്ലപ്പൂമണം ഉള്ളോളെ അഴകിലേറ്റം ഗുണമുള്ളോളെ’ എന്നു തുടങ്ങുന്ന ഗാനത്തോടെയാണ് എരഞ്ഞോളി മൂസ പാട്ടുജീവിതം ആരംഭിക്കുന്നത്. ഗള്‍ഫ്നാടുകളില്‍ ഒരുപാട് സ്റ്റേജ്ഷോകൾ ഇദ്ദേഹം അവതരിപ്പിച്ചു. കേരള ഫോക്‌ലോർ അക്കാദമി വൈസ് പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം.
അടുത്തകാലത്ത് ഹിറ്റായ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനം ആദ്യകാലത്ത് ആലപിച്ചതും ഇദ്ദേഹമായിരുന്നു. ‘മി അറാജ് ‘, ‘മൈലാഞ്ചിയരച്ചല്ലോ’, കെട്ടുകള്‍ മൂന്നും കെട്ടി’ തുടങ്ങി നൂറുകണക്കിന് പ്രശസ്തമായ മാപ്പിളപ്പാട്ടുകളും നിരവധി നാടക ഗാനങ്ങളും ഇദ്ദേഹത്തിന്റെതായിട്ടുണ്ട്. ദിലീപിന്റെ ഗ്രാമഫോൺ സിനിമയിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.