മനാമ; വിമാന യാത്രാനിരക്ക് കുത്തനെ വർദ്ധിപ്പിച്ച് പ്രവാസികളെ കറവപശു ആക്കുന്ന എയർലൈൻ കമ്പനികളുടെ പ്രവാസി വിരുദ്ധ സമീപനത്തിനെതിരെ ബഹ്റൈൻ പ്രതിഭ പ്രതിഷേധിക്കുന്നതായി ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
കഴിഞ്ഞ രണ്ടുമാസത്തിനിടയിൽ മൂന്നിരട്ടിയോളം വർദ്ധനവാണ് ഗൾഫ് മേഖലയിൽ നിന്നുള്ള സാധാരണക്കാരായ പ്രവാസികളെ ബുദ്ധിമുട്ടിച്ച് കൊണ്ട് വിമാനകമ്പനികൾ നടത്തിയത്.
സ്‌കൂൾ അവധിയും ആഘോഷങ്ങളും നടക്കുന്ന ഈ സാഹചര്യത്തിലും പ്രതിഷേധമുയർന്നിട്ടു പോലും അമിത നിരക്ക് വർദ്ധിപ്പിക്കുകയല്ലാതെ കുറയ്ക്കാൻ നടപടികൾ സ്വീകരിക്കുന്നില്ല.
ഈ പ്രതിസന്ധി പരിഹരിക്കാൻ എയർലൈൻസ് അധികൃതരുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തണം. ഒപ്പം പ്രവാസികളനുഭവിക്കുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിനായി കേരള സർക്കാർ നടപ്പിലാക്കുന്ന ചാർട്ടേർഡ് വിമാന സർവീസ് ഏർപെടുത്താനുള്ള തീരുമാനത്തെ അനുഭാവപൂർവ്വം പരിഗണിച്ച് എത്രയും വേഗം അനുമതി നൽകുവാൻ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് നിർദേശം നൽകണമെന്നും ബഹ്റൈൻ പ്രതിഭ പ്രസിഡന്റ് ഇൻചാർജ് ശശി ഉദിനൂർ ജനറൽ സെക്രട്ടറി ഇൻ ചാർജ് ഷംജിത് കോട്ടപ്പള്ളി എന്നിവർ ആവശ്യപ്പെട്ടു .