മനാമ: ബഹ്‌റൈൻ പ്രതിഭ പ്രസംഗ വേദിയുടെ നേതൃത്വത്തിൽ വൈക്കം സത്യാഗ്രഹ ശതാബ്ദിയുടെ ഭാഗമായ പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. പ്രതിഭ ഹാളിൽ വച്ച് നടന്ന ‘വൈക്കം സത്യാഗ്രഹം @ 100’ എന്ന പരിപാടിയിൽ ലോക കേരള സഭാംഗം സി.വി. നാരായണൻ, മാധ്യമ പ്രവർത്തകൻ പ്രദീപ് പുറവങ്കര, നവകേരള സെക്രട്ടറി എകെ സുഹൈൽ എന്നിവർ പ്രഭാഷണം നടത്തി.
മനുഷ്യർക്ക് വഴി നടക്കാൻ വേണ്ടി നൂറ് വർഷം മുമ്പ് നടന്ന ഐതിഹാസിക സമരം ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രത്തിലും ഇടംപിടിച്ച ഒന്നാണെന്നും മനുഷ്യരെ ജാതീയമായി വേർതിരിക്കാനും ഭിന്നിപ്പിച്ചു വെറുപ്പ് പടർത്താനുമുള്ള വലിയ ശ്രമം നടന്നു കൊണ്ടിരിക്കുന്ന വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിൽ വൈക്കം സത്യാഗ്രഹത്തിന്റെ സ്മരണയും സന്ദേശവും പുതുതലമുറയ്ക്ക് പകർന്നു കൊടുക്കേണ്ടതുണ്ടെന്നും പ്രഭാഷകർ അഭിപ്രായപ്പെട്ടു..
പ്രതിഭ രക്ഷാധികാരി സമിതി അംഗം എൻ.വി. ലിവിൻ കുമാർ അദ്ധ്യക്ഷത വഹിച്ച പരിപാടിക്ക് പ്രസംഗവേദി കൺവീനർ രാജീവൻ എ.സി. സ്വാഗതം പറഞ്ഞു. പ്രതിഭ വൈസ്പ്രസിഡണ്ട് ഡോ: ശിവകീർത്തി രവീന്ദ്രൻ, സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമായി ബഹ്‌റൈനിൽ ഉള്ള സിപിഐഎം വെള്ളാറ ലോക്കൽ കമ്മറ്റി സെക്രട്ടറി കെ.സി. രാജൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അനീഷ് ഫിലിപ്പ് നന്ദി രേഖപ്പെടുത്തി.