മനാമ: പെരുന്നാള്‍ ദിനത്തില്‍ അനാഥകുട്ടികള്‍ക്ക് അത്തറിന്റെ മണമുള്ള പെരുന്നാള്‍ സമ്മാനവുമായി വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് ബഹ്‌റൈന്‍ കമ്മിറ്റി. വടകര കൊയിലാണ്ടി താലൂക്കിലെ അനാഥരായ തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് പെരുന്നാളിന് പുതുവസ്ത്രത്തോടൊപ്പം സുഗന്ധദ്രവ്യം കൂടി സമ്മാനിച്ചാണ് വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് ബഹ്‌റൈന്‍ കമ്മിറ്റി ശ്രദ്ധേയമായത്.
നഗരത്തിലെ കടകളില്‍ പോയി കുട്ടികള്‍ക്ക് തന്നെ വസ്ത്രവും മറ്റും തെരഞ്ഞെടുക്കാവുന്ന രീതിയിലാണ് വിഎംജെ ബഹ്‌റൈന്‍ ചാപ്റ്റര്‍ പദ്ധതി നടപ്പാക്കുന്നത്. ഇത് ആര് സമ്മാനിക്കുന്നതാണെന്ന് കുട്ടികള്‍ അറിയുകയുമില്ല. കൂടാതെ, ഓരോ കുട്ടിക്കും പുതുവസ്ത്രത്തിന് 2000 രൂപ പുറമെ 2000 രൂപവീതം രണ്ടു മാസത്തെ സ്‌പോണ്‍സര്‍ഷിപ് സഹായവും 44 വീടുകളില്‍ ഡ്രൈ ഫുഡ് കിറ്റും ഈത്തപ്പഴകിറ്റും റംസാന്റെ ആദ്യ ദിനങ്ങളില്‍ തന്നെ വിഎംജെ ബഹ്‌റൈന്‍ ചാപ്റ്റര്‍ വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് കേന്ദ്ര കമ്മിറ്റി വിതരണം ചെയ്തിരുന്നു.
കഴിഞ്ഞ 51 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന വിഎംജെ ബഹ്‌റൈന്‍ ചാപ്റ്റര്‍ വിവിധ വ്യത്യസ്തങ്ങളായ കാരുണ്യ സേവന മത ഭൗതിക പദ്ധതികളുമായാണ് മുന്നോട്ടുപോകുന്നത്. ഓരോ വര്‍ഷം കഴിയും തോറും പ്രവര്‍ത്തനങ്ങളും പദ്ധതികളും വിപുലീകരിച്ച് ഏവരിലേക്കുമെത്തുകയാണ് കമ്മിറ്റി. അനാഥ കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ 39841984 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ആക്ടിങ് പ്രസിഡന്റ് ഷരീഫ് കോറോത്തും ജനറല്‍ സെക്രട്ടറി എപി ഫൈസലും അറിയിച്ചു.