മനാമ: നഗര കേന്ദ്രീകൃതമല്ലാത്ത സ്ഥലങ്ങളിൽ താമസിക്കുന്ന തൊഴിലാളികൾക്കിടയിൽ മാനവികതയുടെയും സൗഹാർദ്ദത്തിൻ്റെയും വിളംബരവുമായി പ്രവാസി വെൽഫെയർ ഇഫ്താർ സംഗമങ്ങൾ നടത്തി. റമദാൻ കനിവ് എന്ന പേരിൽ പ്രവാസി വെൽഫെയറിൻ്റെ സേവന വിഭാഗമായ വെൽകെയർ നടത്തിവരുന്ന സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് സിത്ര ഇൻഡസ്ട്രിയൽ ഏരിയ, ട്യൂബ്ലി, സനദ്, അസ്കർ എന്നിവിടങ്ങളിലെ വ്യത്യസ്ത കേന്ദ്രങ്ങളിൽ സഹജീവി സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി സൗഹാർദ്ദ അന്തരീക്ഷങ്ങൾക്ക് തണൽ വിരിച്ച് പ്രവാസി വെൽഫെയർ ഇഫ്താർ സംഗമങ്ങൾ ഒരുക്കിയത്.
പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ, വൈസ് പ്രസിഡൻ്റ് മുഹമ്മദലി മലപ്പുറം ജനറൽ സെക്രട്ടറി മുഹമ്മദലി സി. എം. മനാമ സോണൽ പ്രസിഡൻറ് അബ്ദുല്ല കുറ്റ്യാടി, പ്രഭാസ് ഓണർ സെക്രട്ടറി ഹാഷിം എ വൈ, പ്രവാസി വെൽഫെയർ ഓർഗനൈസിംഗ് സെക്രട്ടറി ഫസലുർ റഹ്മാൻ എന്നിവർ തൊഴിലാളികളുമായി സംവദിച്ചു. തുച്ഛ വേതനക്കരായ പ്രവാസികളുടെ താമസ സ്ഥലങ്ങളിലും വ്യത്യസ്ത ലേബർ ക്യാമ്പുകളിലും ദിനേന എത്തിച്ച് നല്കുന്ന നൂറുകണക്കിന് ഫുഡ് കിറ്റുകൾക്ക് പുറമെയാണ് ഇത്തരം സംഗമങ്ങൾ സംഘടിപ്പിക്കുന്നത്. ബഹറൈനിലെ സാമൂഹിക സേവന മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളുടെയും കൂട്ടായ്മകളുടെയും സഹകരണത്തോടെയാണ് വെൽകെയർ ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിക്കുന്നത്.