കർണാടക വിജയം മതേതര കുട്ടായ്മക്ക് ശക്തി പകരും: പ്രവാസി വെൽഫെയർ

മനാമ: മതേതര ചേരിക്ക് കർണ്ണാടകയിൽ ലഭിച്ച വിജയം ദേശീയ തലത്തിൽ മതേതര കുട്ടായ്മക്ക് ശക്തി പകരുമെന്ന് പ്രവാസി വെൽഫെയർ പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയിലെ വിവിധ ജനതകളെ മുഴുവൻ തങ്ങളുടെ സങ്കുചിത അതിദേശീയതയുടെ കീഴിൽ ഭിന്നിപ്പിച്ചു നിർത്തുന്നതിന് എതിരെയുള്ള രാഷ്ട്രീയ സന്ദേശം കൂടിയാണ് കർണാടകയിലെ കോൺഗ്രസിന്റെ വിജയം. വർണ്ണ വൈവിധ്യങ്ങൾ നിറഞ്ഞ ഇന്ത്യ എന്ന ആശയത്തിനെതിരെ ഏക വർണ്ണത്തിൽ അധിക കാലം മുന്നോട്ടുപോകാൻ കഴിയില്ല എന്നതാണ് കർണാടകയും ദക്ഷിണേന്ത്യയും ഇന്ത്യക്ക് നൽകുന്ന പാഠം. വർഗീയ ധ്രുവീകരണ രാഷ്ട്രീയം പറയുന്ന ഏത് വലിയ പാർട്ടിയെയും നേതാക്കളെയും തള്ളിക്കളയാൻ രാജ്യത്തിന് സാധിക്കും എന്നും കർണാടക നമ്മളോട് പറയുന്നു.

ഭരണത്തിന് നേതൃത്വം നൽകുന്നവർ ദിവസങ്ങളോളം തമ്പടിച്ച് തീവ്ര വംശീയ നുണ പ്രചരണം നടത്തിയിട്ടും ഫാഷിസത്തെ പരാജയപ്പെടുത്തിയ കർണ്ണാടകയിലെ ജനങ്ങൾ രാജ്യത്തിന് പ്രതീക്ഷ നൽകുന്നു. വ്യാജകഥകളെ ജനങ്ങൾ തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു. ദക്ഷിണേന്ത്യയിലെ ഗുജറാത്തും യു.പിയുമാക്കി കർണാടകയെ മാറ്റിയെടുക്കാനുള്ള പദ്ധതികൾക്ക് കനത്ത തിരിച്ചടി കൊടുത്ത കർണ്ണാടകയിലെ വോട്ടർമാരെ പ്രവാസി വെൽഫെയർ അഭിനന്ദിക്കുന്നു. ജനാധിപത്യ ജാഗ്രതയിലൂടെ ഫാഷിസത്തെ രാജ്യാധികാരത്തിൽ നിന്ന് തുരത്താനാകുമെന്ന പ്രതീക്ഷ നൽകുന്ന തെരഞ്ഞെടുപ്പ് ഫലമാണ് കർണാടകയിൽ നിന്ന് പുറത്തു വന്നിരിക്കുന്നത്. ഇന്ത്യ എന്ന ആശയത്തെ നിലനിർത്താൻ രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികൾ ഐക്യപ്പെടേണ്ട ആവശ്യകത കൂടി കർണാടക നമ്മളോട് പറയുന്നു.

ദേശീയ തലത്തിൽ മതേതര വിരുദ്ധ ചേരിയെ അധികാരത്തിൽ നിന്ന് പുറന്തള്ളാൻ യോജിച്ച പ്രതിപക്ഷ മുന്നേറ്റങ്ങൾക്ക് സാധിക്കുമെന്ന പ്രതീക്ഷ കർണാടകയിലൂടെ കൂടുതൽ ശക്തിപ്പെടുകയാണ്. ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും വംശീയതക്കെതിരെയും ജനങ്ങൾ പുലർത്തുന്ന വിയോജിപ്പുകളെ രാഷ്ട്രീയമായി ഏകോപിപ്പിച്ച് ആശയതലത്തിലും പ്രായോഗിക തലത്തിലും ശക്തമായ രാഷ്ട്രീയ മുന്നേറ്റങ്ങൾ കെട്ടിപ്പടുക്കാനും കഴിഞ്ഞ കാല അനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ടും പൊതുസമൂഹത്തിന്റെ അഭിലാഷങ്ങൾ തിരിച്ചറിഞ്ഞും ശക്തമായ ജനാധിപത്യ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകാൻ കോൺഗ്രസിന് സാധിക്കണം എന്നും പ്രവാസി വെൽഫെയർ ആവശ്യപ്പെടുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!