മനാമ: ബഹ്‌റൈന്‍ ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി, സി ബി എസ് ഇ പരീക്ഷയില്‍ 10-ാം ക്ലാസിലും 12-ാം ക്ലാസിലും വിജയികളായ കുട്ടികളെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. എസ്.എന്‍.സി.എസ്. സില്‍വര്‍ ജൂബിലി ഹാളില്‍ നടന്ന ചടങ്ങില്‍ വിജയികളായ കുട്ടികളെ അവാര്‍ഡ് നല്‍കി ആദരിച്ചു.
ചടങ്ങില്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ്. നടരാജന്‍ മുഖ്യാതിഥിയായും , ബഹ്‌റൈനിലെ സാമൂഹിക പ്രവര്‍ത്തകയും,യോഗ പരിശീലകയുമായ ആശ പ്രദീപ് വിശിഷ്ടാതിഥിയായും പങ്കെടുത്തു. അക്ഷര സജീവന്‍ അവതരിപ്പിച്ച പൂജാനൃത്തത്തോടെ ചടങ്ങിന് തുടക്കം കുറിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ വിജയികളായ കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും അഭിനന്ദിച്ചു സംസാരിക്കുകയും തുടര്‍വിദ്യാഭ്യാസത്തിലേക്കു കടക്കുന്ന കുട്ടികള്‍ക്ക് എല്ലാവിധ ആശംസകളും നേരുകയും ചെയ്തു. ഇത്തവണത്തെ ഫല പ്രഖ്യാപനത്തിന് ശേഷം ഉടന്‍ തന്നെ ഇങ്ങനെ ഒരു ആദരവ് സംഘടിപ്പിച്ച എസ്. എന്‍ സി. എസിനും ഭാരവാഹികള്‍ക്കും പ്രത്യേക അഭിനന്ദനങ്ങള്‍ അറിയിച്ചു. വേദിയില്‍ ആശാ പ്രദീപ് പ്രചോദനാത്മകമായ പ്രസംഗം നടത്തി.
ഇന്ത്യന്‍ സ്‌കൂളിലെ 12-ാം ക്ലാസിലെ ഏറ്റവും ഉയര്‍ന്ന വിജയികളില്‍ രണ്ടാമതെത്തിയ എസ്. എന്‍. സി. എസി ന്റെ അഭിമാനഭാജനങ്ങളായ അഞ്ജലി ഷമീറിനെയും, കംപ്യൂട്ടര്‍ സയന്‍സില്‍ ഉന്നത വിജയം നേടിയ (സബ്ജക്ട് ടോപ്പര്‍) ഹിമ പ്രശോഭിനേയും ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. തുടര്‍ന്ന് വിജയികളായ എല്ലാ കുട്ടികള്‍ക്കും, വിശിഷ്ടാതിഥികളും ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി മറ്റു ഭരണസമിതി അംഗങ്ങള്‍ എന്നിവരും ചേര്‍ന്ന് മുപ്പത്തി രണ്ടോളം അവാര്‍ഡുകള്‍ നല്‍കി. എസ് എന്‍ സി എസ് ചെയര്‍മാന്‍ സുനീഷ് സുശീലന്‍ അധ്യക്ഷനായ ചടങ്ങിന് ജനറല്‍ സെക്രട്ടറി വി. ആര്‍. സജീവന്‍ സ്വാഗതം ആശംസിച്ചു. കള്‍ച്ചറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ ഡി. ആശംസകള്‍ അറിയിച്ചു. അഞ്ജന രാജേഷ് അവതാരകയായ പ്രസ്തുത ചടങ്ങിന് വൈസ് ചെയര്‍മാന്‍ സന്തോഷ് ബാബു നന്ദി രേഖപ്പെടുത്തി.