മനാമ: എൻ.പി.സി.ഐ ഭാരത് ബിൽപേ ലിമിറ്റഡ് (NBBL), ഫെഡറൽ ബാങ്കിന്റെയും ലുലു എക്സ്ചേഞ്ചിന്റെയും സഹകരണത്തോടെ ബഹ്റൈനിലെ വിദേശ ഇന്ത്യക്കാർക്കായി ക്രോസ്-ബോർഡർ ഇൻവേർഡ് ബിൽ പേമെന്റ് സേവനം പ്രഖ്യാപിച്ചു. നാട്ടിലെ വിവിധ ഗാർഹിക യൂട്ടിലിറ്റി ബില്ലുകൾ ഇനി ലുലു എക്സ്ചേഞ്ചിന്റെ ശാഖകളിലൂടെയും മണി ട്രാൻസ്ഫർ ആപ്പായ ലുലു മണിയിലൂടെയും അടക്കാൻ സാധിക്കുന്ന ഭാരത് ബിൽ പേമെന്റ് സിസ്റ്റമാണ് (ബി.ബി.പി.എസ്) ആരംഭിച്ചിരിക്കുന്നത്.
ഫെഡറൽ ബാങ്കുമായും ലുലു എക്സ്ചേഞ്ചുമായും സഹകരിച്ച് എൻ.പി.സി.ഐ ഭാരത് ബിൽപേ ലിമിറ്റഡ് നൽകുന്ന സംവിധാനം സുപ്രധാനമായിരിക്കുമെന്ന് എൻ.പി.സി.ഐ ഭാരത് ബിൽപേ ലിമിറ്റഡ് സി.ഇ.ഒ നൂപുർ ചതുർവേദി പറഞ്ഞു. വീട്ടുചെലവുകൾ നിയന്ത്രിക്കാനും മാനേജ് ചെയ്യാനും പുതിയ സംവിധാനത്തിലൂടെ പ്രവാസികൾക്ക് കഴിയുമെന്ന് ലുലു ഫിനാൽഷ്യൽ ഹോൾഡിങ് എം.ഡി അദീബ് അഹമ്മദ് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് https://www.npci.org.in/ , https://www.bharatbillpay.com/ എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്.