മനാമ: ബഹ്‌റൈനില്‍ ഇന്ത്യന്‍ എംബസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആര്‍എഫ്’) ‘തേര്‍സ്റ്റ് ക്വഞ്ചേഴ്സ് 2022′ ടീം, വാര്‍ഷിക വേനല്‍ക്കാല ബോധവത്ക്കരണ പരിപാടിയ്ക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു. ഈ വര്‍ഷത്തെ ആദ്യ പരിപാടി ഉദ്ഘാടനം ഇന്ത്യന്‍ അംബാസഡര്‍ പീയൂഷ് ശ്രീവാസ്തവ നിര്‍വഹിച്ചു. തൊഴില്‍ മന്ത്രാലയം സീനിയര്‍ ഒക്യുപേഷണല്‍ സേഫ്റ്റി എഞ്ചിനീയര്‍ ഹുസൈന്‍ അല്‍ഹുസൈനി, ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറിമാരായ രവിശങ്കര്‍ ശുക്ല, രവികുമാര്‍ ജെയിന്‍, ഐസിആര്‍എഫ്’ ചെയര്‍മാന്‍ ഡോ ബാബു രാമചന്ദ്രന്‍, വൈസ് ചെയര്‍മാന്‍ അഡ്വ. വി കെ തോമസ്, ജനറല്‍ സെക്രട്ടറി പങ്കജ് നല്ലൂര്‍, ട്രഷറര്‍ മണി ലക്ഷ്മണമൂര്‍ത്തി, തേര്‍സ്റ്റ് ക്വഞ്ചേഴ്സ് 2023 കോര്‍ഡിനേറ്റര്‍ മുരളി നോമുല, സെബാര്‍കോ പ്രോജക്ട് എഞ്ചിനീയര്‍ ചേതന്‍ വഗേല, മറ്റ് ഐസിആര്‍എഫ് അംഗങ്ങളും ട്രെയിനികളും ചടങ്ങില്‍ പങ്കെടുത്തു.
ഹിദ്ദിലെ ഒരു വര്‍ക്ക് സൈറ്റില്‍ നടത്തിയ പരിപാടിയില്‍ 200 ഓളം തൊഴിലാളികള്‍ക്ക് കുടിവെള്ളം, പഴങ്ങള്‍, ലാബാന്‍, സമോസ എന്നിവ വിതരണം ചെയ്തു. ഇത്തരം പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന ലക്ഷ്യം തൊഴിലാളികളെ കുടിവെള്ളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുകയും വേനല്‍ക്കാലത്ത് എങ്ങനെ ആരോഗ്യവാന്മായിരിക്കണമെന്ന് അവരെ ഉപദേശിക്കുകയും ചെയ്യുക എന്നതാണ്. ഇത് എട്ടാം വര്‍ഷമാണ് ഐസിആര്‍എഫ് തേര്‍സ്റ്റ് ക്വഞ്ചേഴ്സ് ടീം സമ്മര്‍ അവയര്‍നെസ് കാമ്പെയ്ന്‍ നടത്തുന്നത്. ബൊഹ്റ കമ്മ്യൂണിറ്റി, ഷിഫ അല്‍ജസീറ ഹോസ്പിറ്റല്‍, മലബാര്‍ ഗോള്‍ഡ് എന്നിവര്‍ ഈ വര്‍ഷം ഈ പ്രോജക്റ്റില്‍ ഐസിആര്‍എഫിനെ പിന്തുണയ്ക്കുന്നു.