മനാമ: നിയമ സംബന്ധമായ വിഷയങ്ങളിൽ ബുദ്ധിമുട്ടുകൾ നേരിടുന്ന പ്രവാസി സമൂഹത്തിലെ അംഗങ്ങൾക്ക് സൗജന്യ നിയമസഹായം നൽകുന്ന പ്രവാസി ലീഗൽ സെൽ (പിഎൽസി) ബഹ്റൈൻ ചാപ്റ്ററിന്റെ ‘കണക്റ്റിങ് പീപ്പിൾ’ പരിപാടിയുടെ – രണ്ടാം ഭാഗം ഈ മാസം 23ന് നടക്കും. വൈകീട്ട് 7.30ന് ഉമൽ ഹസം കിംസ് ഹെൽത്ത് ഓഡിറ്റോറിയത്തിലാണ് പരിപാടി.
നിയമപരവും വൈദ്യശാസ്ത്രപരവുമായ വശങ്ങളെക്കുറിച്ചും ദൈനംദിന ജീവിതത്തിൽ അതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രവാസി സമൂഹത്തിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ‘കണക്റ്റിങ് പീപ്പിൾ’ എന്ന സെഷനിൽ പ്രവാസി സമൂഹം പൊതുവെ നേരിടുന്ന തൊഴിൽ സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ചുള്ള ടോക്ക് ഷോയിൽ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകരും പ്രഗത്ഭരായ അഭിഭാഷകരും ഉൾപ്പെട്ട സമിതി സംശയ നിവാരണ ചോദ്യോത്തര സെഷനുകളിലൂടെ പ്രവാസി സമൂഹത്തിൽനിന്നും ഉയർന്നുവരുന്ന പ്രശ്നങ്ങളോടും സംശയങ്ങളോടും പ്രതികരിക്കും. കൂടാതെ, ജീവിതശൈലി മാറ്റങ്ങളെക്കുറിച്ചുള്ള ആരോഗ്യ സംവാദവും പരിപാടിയിൽ നടക്കും. ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അത് ഒരാളുടെ മൊത്തത്തിലുള്ള ക്ഷേമത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും വിദഗ്ധ ഡോക്ടർ ചർച്ച ചെയ്യും. എങ്ങനെ ആരോഗ്യകരവും സന്തുഷ്ടവുമായ ജീവിതം നയിക്കാം എന്നതിനെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങളും നുറുങ്ങുകളും പങ്കെടുക്കുന്നവർക്ക് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 39461746 / 3305 2485 / 3305 2258 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.