അഡ്വ. എം.കെ. പ്രേംനാഥിന്റെ നിര്യാണത്തിൽ ബഹ്റൈൻ ജനത കൾച്ചറൽ സെൻറർ അനുശോചനം രേഖപ്പെടുത്തി

മനാമ: അഡ്വ. എം.കെ. പ്രേംനാഥിന്റെ നിര്യാണത്തിൽ ബഹ്റൈൻ ജനത കൾച്ചറൽ സെന്റർ അനുശോചനം രേഖപ്പെടുത്തി. സൗമ്യനും ജനകീയനുമായ സോഷ്യലിസ്റ്റ് എന്ന പേരില്‍ അറിയപ്പെടുന്ന നേതാവാണ് ഇന്ന് അന്തരിച്ച അഡ്വ.എം.കെ.പ്രേംനാഥ്. സാധാരണക്കാരില്‍ ഒരാളായി ജീവിച്ച അദ്ദേഹം കറകളഞ്ഞ മതേതര വാദിയും മാതൃകാ സോഷ്യലിസ്റ്റുമാണ്. വേഷത്തിലും പെരുമാറ്റത്തിലും ലാളിത്യം മുഖമുദ്രയാക്കിയ പ്രേമേട്ടന്‍ ഏവരുടേയും ഹൃദയത്തിലിടം നേടി. ഒട്ടേറെ ജനകീയ സമരങ്ങളില്‍ സജീവമായി പങ്കെടുത്തു. പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഏറെ ആവേശവും സ്‌നേഹവും പടര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. നിസ്വാര്‍ഥമായ രാഷ്ട്രീയ പ്രവര്‍ത്തനമായതിനാല്‍ നല്ല പിന്തുണയായിരുന്നു പാര്‍ട്ടിയില്‍. വ്യത്യസ്ത ഗ്രൂപ്പുകള്‍ക്കിടയിലും പ്രേമേട്ടന്റെ നിലപാടുകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സസൂക്ഷ്മം നിരീക്ഷിക്കുകയും പിന്തുണക്കുകയും ചെയ്തു.

മുന്‍പിന്‍ നോക്കാതെ സമരങ്ങളില്‍ ഇറങ്ങാനും പോരാടാനുമായിരുന്നു അദ്ദേഹത്തിന് ഇഷ്ടം. അടിയന്തരാവസ്ഥക്കാലത്ത് യുവത്വത്തിന്റെ പോരാട്ടവും വീര്യവും കാഴ്ചവെക്കാന്‍ അദ്ദേഹം തയ്യാറായി. അറസ്റ്റ് ചെയ്യപ്പെടുകയും പോലീസ് മര്‍ദനത്തിന് ഇരയാവുകയും ചെയ്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്ക് എതിരെയും പ്രാദേശിക വിഷയങ്ങളിലും സജീവ സമരം നയിച്ചു. എംഎല്‍എ പദവി എല്ലാതരം പ്രശ്‌നങ്ങളില്‍ ഇടപെടാനും പരിഹരിക്കാനുമുള്ള അവസരം കൂടിയാക്കിമാറ്റി. രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം സാംസ്‌കാരിക രംഗത്തും സജീവമായിരുന്നു. സ്വാതന്ത്ര്യം തന്നെ അമൃതം എന്ന പുസ്തകം രചിച്ചു. സ്വതന്ത്രഭൂമി എഡിറ്ററായിരുന്നു.

പാര്‍ട്ടിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പദം വരെ വഹിക്കാനായി. വിട പറയുമ്പോള്‍ എല്‍ജെഡി സംസ്ഥാന വൈസ് പ്രസിഡന്റാണ് അദ്ദേഹം. 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് പ്രേംനാഥ് തെരഞ്ഞെടുക്കപ്പെട്ടത്. വടകര ബാറിലെ അഭിഭാഷകനായിരുന്നു അദ്ദേഹം.

ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദിവസങ്ങളായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ച മുതല്‍ സ്ഥിതി വളരെ മോശമായിരുന്നു. ഇന്ന് രാവിലെ ഒമ്പതു മണിയോടെയാണ് അന്ത്യം. ബഹ്റൈൻ ജെ.സി.സിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന് ഹൃദ്യമായ രീതിയിൽ വലിയ ഒരു സ്വീകരണം നല്കുവാൻ സാധിച്ചിരുന്നു.

എം.കെ.പ്രേംനാഥിന്റെ സംസ്‌കാരം ഇന്ന് വൈകീട്ട് ആറിന്, വടകരയിലും ഓര്‍ക്കാട്ടേരിയിലും മുക്കാളിയിലും പൊതുദർശനത്തിന് വെക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!