മനാമ: പ്രവാസി വെൽഫെയർ സംഘടിപ്പിച്ച ‘പ്രവാസി ഓണം 23’ വിവിധ കലാ കായിക സാംസ്കാരിക പരിപാടികളോടെ അരങ്ങേറി. സിഞ്ചിലുള്ള പ്രവാസി സെൻ്റർ ഓഡിറ്റോറിയത്തിലും ബാഡ്മിൻറൺ കോർട്ടിലുമായ് നടന്ന ആഘോഷത്തിൽ പ്രവാസി വെൽഫെയർ അംഗങ്ങൾ അവതരിപ്പിച്ച ഓണപ്പാട്ട്, തിരുവാതിര, നാടോടി നൃത്താവിഷ്കാരം, കൈകൊട്ടി കളി, സിനിമാറ്റിക് ഡാൻസ് തുടങ്ങി വിവിധ നൃത്ത സംഗീത പരിപാടികളും വിവിധ കലാകായിക മത്സരങ്ങളും വടംവലി മത്സരവും അരങ്ങേറി.
വൈകുന്നേരം നടന്ന സാംസ്കാരിക സംഗമം പ്രവാസി വെൽഫെയർ പ്രസിഡൻ്റ് ബദറുദ്ദീൻ പൂവാർ ഉൽഘാടനം ചെയ്തു. മനുഷ്യ സാഹോദര്യത്തെക്കുറിച്ചും ക്ഷേമ രാജ്യത്തെക്കുറിച്ചുമുള്ള ഓര്‍മകള്‍ ഉണര്‍ത്തുന്ന കാലമാണ് ഓണക്കാലം. ഒത്തുചേരലിന്റെയും പങ്കുവെയ്ക്കലിന്റെയും മധുരവേളയാണ് ഓരോ ഓണാഘോഷവും. എന്നോ മറഞ്ഞുപോയൊരു നന്മയുടെ ഓര്‍മ്മപ്പെടുത്തലും അതിലൂടെ ഒരു നല്ല നാളെയെകുറിച്ചുള്ള പ്രത്യാശയും ഓണം പകർന്ന് നൽകുന്നു എന്ന് ഉൽഘാടന പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.
മഹത്തായ ഒരു ഭരണ സങ്കല്പത്തിന്റെ സന്ദേശമാണ് ഓണം പങ്ക് വക്കുന്നത് എന്ന് ഓണ സന്ദേശം നൽകി സംസാരിച്ച പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി. എം. മുഹമ്മദലി പറഞ്ഞു. സാമൂഹികമായ നന്മകൾ നഷ്ടമായികൊണ്ടിരിക്കു കാലഘട്ടത്തിൽ പുതിയ പ്രതീക്ഷകളാണ് ഓണാഘോഷം നമ്മിലേയ്ക്കു പകര്‍ന്നു നല്‍കുന്നത്. സാഹോദര്യ ഒത്തൊരുമയിലൂടെ കൈവരുന്ന ആഹ്ളാദത്തിന്റെ അലയൊലിയാണ് ഓരോ ആര്‍പ്പുവിളിയിലും നിറഞ്ഞ് നിൽക്കുന്നത്. മനുഷ്യരെ ഉയര്‍ച്ച താഴ്ചകളില്ലാതെ ഒന്നുപോലെ കാണാനാണ് ഓണം നമ്മോട് പറയുന്നത്. നമുക്ക് ചുറ്റും വളർന്ന് വരുന്ന സങ്കുചിത വംശീയതയെയും വിദ്വേഷ സംസ്കാരത്തെയും സാഹോദര്യവും സൗഹാർദ്ദവും സാമൂഹ്യ നീതിയും ഉയർത്തി പരാജയപ്പെടുത്താൻ വിശിഷ്യ പ്രവാസി സമൂഹം ഒന്നിച്ച് നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ലിഖിത ലക്ഷ്മണൻ നിയന്ത്രിച്ച സാംസ്കാരിക സംഗമത്തിൽ പ്രവാസി വെൽഫെയർ എക്സിക്യൂട്ടീവ് അംഗം ഷിജിന ആഷിക് സ്വാഗതവും രാജീവ് നാവായിക്കുളം നന്ദിയും പറഞ്ഞു.
വിഭവ സമൃദ്ധമായ ഓണസദ്യക്ക് ശേഷം നടന്ന കലാകായിക മത്സരങ്ങൾക്കും ഓണക്കളികൾക്കും മൊയ്തു ടി . കെ, സബീന അബ്ദുൽ ഖാദർ, ലിഖിത ലക്ഷ്മണൻ, ദീപക്, അബ്ദുല്ല കുറ്റ്യാടി, അനിൽ കുമാർ ആറ്റിങ്ങൽ, രാജീവ് നാവായിക്കുളം, ആബിദ ഒ പി, ശ്രീജി രവികുമാർ, വഫ ഷാഹുൽ ഹമീദ്, റുമൈസ അബ്ബാസ്, സഞ്ജു എം സനു, ഷിജിന ആഷിഖ്, ജോയ്, അബ്ദുൽ ജലീൽ, ആഷിഖ് എരുമേലി, ഇർഷാദ് കോട്ടയം, അനസ് കാഞ്ഞിരപ്പള്ളി, ഷഹബാസ്, അനിൽ കുമാർ, ഷാഹുൽ ഹമീദ്, മുഹമ്മദലി മലപ്പുറം, അസ്ലം വേളം, സുമയ്യ ഇർഷാദ്, മഹമൂദ്, ഫസലുറഹ്മാൻ, അബ്ദുൽ ലത്തീഫ് കടമേരി, റഷീദ സുബൈർ, മുഹമ്മദ് അമീൻ എന്നിവർ നേതൃത്വം നല്കി. മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും മൊമൻ്റോകളും ആഘോഷത്തിൻ്റെ ഭാഗമായി വിതരണം ചെയ്തു.