BMC ചാരിറ്റി ഓണസദ്യ ആയിരത്തി ഒരുന്നൂറിലേറെ തൊഴിലാളികൾക്ക് വിരുന്നൊരുക്കി.വിവിധ ലേബർ ക്യാമ്പുകളിൽ നിന്നായി എത്തിയ തൊഴിലാളികൾ ജാതിമത വർണ്ണ വർഗ്ഗഭേതമന്യേ ഒന്നിച്ചിരുന്ന് ഓണസദ്യ കഴിച്ച് ഓണസങ്കൽപ്പങ്ങൾക്ക് ഇക്കാലത്തും മാതൃകയായി.
ചാരിറ്റി ഓണാസദ്യയുടെ സാംസ്കാരിക സദസ്സിൽ ബഹ്‌റൈൻ പാർലിമെന്റ് അംഗമായ ഡോ : ഹസ്സൻ ബൊക്കാമസ്സ് മുഖ്യാതിഥിയും ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി രവിശങ്കർ ശുക്ല വീശിഷ്ടാതിഥിയുമായി.ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രാവണ മഹോത്സവം 2023 ഓർഗനൈസിംഗ് കമ്മറ്റി ചെയർമാൻ മോനി ഒടിക്കണ്ടത്തിൽ സ്വാഗതവും , വൈസ് ചെയർമാൻ സുധീർ തിരുനിലത്ത്, മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ ശ്രാവണ മഹോത്സവം ജനറൽ കൺവീനർ അൻവർ നിലമ്പൂർ, ഹരീഷ് നായർ, ബഷീർ അമ്പലായി, സയ്യിദ് ഹനീഫ, ചാരിറ്റി ഓണസദ്യ മുഖ്യ കോഡിനേറ്റർ അമൽ ദേവ് എന്നിവരും പങ്കെടുത്തു.വിശിഷ്ടാതിഥി രവിശങ്കർ ശുക്ല ബി എം സി മാനേജിംഗ് ഡയറക്ടർ ഫ്രാൻസിസ് കൈതാരത്ത് സംഘാടക സമിതി അംഗങ്ങൾ എന്നിവരുടെ സാനിധ്യത്തിൽ മുഖ്യാതിഥി ഹസ്സൻ ബൊക്കാമസ് ചടങ്ങ്
നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു.
തുടർന്ന് നിറഞ്ഞ സദസ്സിൽ കരഘോഷങ്ങളുടെ ആവേശത്തിൽ സംഗീത നൃത്ത പരിപാടികൾ ബി എം സി വേദിയിൽ പുരോഗമിച്ചപ്പോൾ ഓണപ്പന്തലിൽ പണ്ഡിത പാമര വ്യത്യാസമില്ലാതെ പാർലിമെന്റ് അംഗ൦ ഡോ ഹസ്സൻ ബൊക്കാമസ്സ്, ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി രവിശങ്കർ ശുക്ല തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ സാധാരണക്കാരായ തൊഴിലാളികൾക്കൊപ്പമിരുന്നു വിഭവ സമൃദ്ധമായ ഓണസദ്യ കഴിച്ച് ബഹ്‌റൈന്റെ പ്രവാസലോകത്ത് ഓണസങ്കൽപ്പങ്ങൾക്ക് മനോഹമാതൃക ഒരുക്കി.തുടർന്ന് നടന്ന ലളിതമായ ചടങ്ങിൽ മുഖ്യാതിഥി ഡോ: ഹസ്സൻ ബോക്കാമസിന് ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്തും, വിശിഷ്ടാതിഥിക്ക് ശ്രാവണ മഹോത്സവം ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ മോനി ഒടിക്കണ്ടത്തിലും മൊമെന്റോ നൽകി ആദരിച്ചു.
ഒരു പൂക്കാലത്തിന്റെ ഗൃഹാതുര ഓർമ്മകൾ ഉണർത്തിയ ഓണപ്പാട്ടോടുകൂടി ആരംഭിച്ച കലാ സാംസ്കാരിക സദസ്സ് ബഹ്‌റൈനിലെ ഒട്ടേറെ ഗായികാ-ഗായകൻമാരുടെ സാന്നിധ്യം കൊണ്ട് സംഗീത സാന്ദ്രമായി എന്നതിനൊപ്പം ബഹ്റൈന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി തൊഴിലാളികൾക്കായി മനോഹരമായ ഗാനം ആലപിച്ചതും പുത്തൻ അനുഭവമായി.ബഹ്‌റിനിലെ പ്രമുഖ വടം വലി കൂടായ്മയായ ടഗ് ഓഫ് വാർ ടീം അംഗങ്ങളാണ് ഓണസദ്യയ്ക്കായി മികച്ച പിന്തുണയുമായി ഓണപ്പന്തലിൽ അണിനിരന്നത്
ICRF ചെയർമാൻ ബാബു രാമചന്ദ്രൻ,അഡ്വ. മാധവൻ കല്ലത്ത്,ഈ വി രാജീവൻ,അജിത് കുമാർ,അജി പി ജോയ് ,ജ്യോതിഷ് പണിക്കർ,ജയേഷ് കുറുപ്പ്, രാമത്ത് ഹരിദാസ്,വിഷ്ണു, ബിനു ക്രിസ്റ്റി , സുനിൽ ബാബു തുടങ്ങിയ ബഹ്‌റൈനിലെ പ്രമുഖർ ബി എം സി സംഘടിപ്പിച്ച ചാരിറ്റി ചാരിറ്റി ഓണാസദ്യയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.ജവാദ് പാഷ ,രാജേഷ് പെരുങ്കുഴി, സന്ധ്യ,സോണിയ എന്നിവർ അവതാരകരായ പരിപാടിക്ക് ഓണാഘോഷ കമ്മറ്റി ജനറൽ കൺവീനർ അൻവർ നിലമ്പൂർ നന്ദി പറഞ്ഞു. അർത്ഥവത്തായ ഇത്തരം ഒരു ഓണസദ്യ ഒരുക്കുന്നതിനായി സഹകരിച്ച ശ്രാവണ മഹോത്സവം കമ്മറ്റിഅംഗങ്ങൾക്കും അകമഴിഞ്ഞ് സഹായിച്ച മുഴുവൻ സ്പോൺസർമാർക്കും മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.