മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ഈ വർഷവും നവരാത്രി ആഘോഷവും വിദ്യാരംഭവും വിപുലമായ രീതിയിൽ ഒക്ടോബർ 15 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ സൊസൈറ്റി ആസ്ഥാനത്ത് സംഘടിപ്പിക്കുന്നു.
ആഘോഷങ്ങളുടെ ഔദ്യോഗികമായ ഉദ്ഘാടനം കഴിഞ്ഞ ദിവസം സൊസൈറ്റി ഹാളിൽ ചെയർമാൻ സനീഷ് കൂറു മുള്ളിലിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ ഭദ്രദീപം കൊളുത്തി നിർവഹിക്കുകയുണ്ടായി. ചടങ്ങിൽ സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതവും വൈസ് ചെയർമാൻ സതീഷ് കുമാർ നന്ദിയും രേഖപ്പെടുത്തി.
നവരാത്രി ദിനങ്ങളിൽ വൈകിട്ട് 7.30 മുതൽ പ്രത്യേക പ്രാർത്ഥനയും, കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണെന്നും വിദ്യാരംഭ ദിവസമായ ഒക്ടോബർ 24 ചൊവ്വാഴ്ച രാവിലെ 4.30 മുതൽ പ്രശസ്ത സംഗീത സംവിധായകനും ഗാനരചയിതാവുമായ ശരത്ത് കുഞ്ഞുങ്ങൾക്ക് അറിവിൻറെ ആദ്യാക്ഷരം പകർന്നു നൽകുകയും ഇതോടൊപ്പം പ്രായഭേദമന്യേ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് സംഗീതത്തിന്റെ സപ്തസ്വരങ്ങളും കുറിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുമെന്നും രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ജനറൽ സെക്രട്ടറി ബിനുരാജ് (3988 2437) മെമ്പർഷിപ്പ് സെക്രട്ടറി രഞ്ജിത്ത് (3434 7514) എന്റർടൈംമെൻറ് സെക്രട്ടറി ബിനുമോൻ (3641 5481) എന്നിവരുമായി ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു.