മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്), അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച്, ‘തിങ്ക് പിങ്ക് ഡേ’ സംഘടിപ്പിച്ചു. പരിപാടിയിൽ 60ഓളം സ്ത്രീ ഗാർഹിക തൊഴിലാളികൾ പങ്കെടുത്തു. അവർക്ക് സ്തനാർബുദ ലക്ഷണങ്ങളെ കുറിച്ചുള്ള സമഗ്രമായ വിവരണം അവരവരുടെ മാതൃഭാഷയിൽ നൽകി.
പരിപാടിയുടെ ഭാഗമായി അൽ ഹിലാൽ ഹോസ്പിറ്റൽ സൗജന്യ രക്തപരിശോധന നടത്തി. ഒരു മാസത്തേക്ക് ഗൈനക്കോളജിസ്റ്റിന്റെ സൗജന്യ കൺസൾട്ടേഷനുകൾക്കുള്ള വൗച്ചറുകളും നൽകി. അൽ ഹിലാൽ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോ.കൃഷ്ണ കവിത, സ്തനാർബുദ ബോധവത്കരണത്തിന്റെ പ്രാധാന്യം സംബന്ധിച്ച് സംസാരിച്ചു.
ഐ.സി.ആർ.എഫ് വനിത വിങ് വളന്റിയർമാരായ നിഷ രംഗ, കൽപന പാട്ടീൽ, ദീപ്ഷിക, പപ്രിക, സ്വപ്ന എന്നിവർ നേതൃത്വം നൽകി.ആനന്ദഭവനിൽ നിന്നുള്ള പ്രഭാതഭക്ഷണവും ബി.എഫ്.സി നൽകിയ ഇയർപോഡുകളും പങ്കെടുത്ത എല്ലാവർക്കും വിതരണം ചെയ്തു.