മനാമ: ഇന്ത്യൻ ലേഡീസ് അസോസിയേഷൻ നടത്തുന്ന സ്നേഹ റിക്രിയേഷൻ സെന്ററിലെ കുട്ടികൾ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ സന്ദർശിച്ചു. എംബസി ഗാർഡനിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
ഐ.എൽ.എ സ്നേഹ കോഓഡിനേറ്റർമാരായ നിഷ രംഗരാജൻ, ദീപ ദേവനാരായണൻ, അനുരാധ സമ്പത്ത്, അധ്യാപകരായ ഷർമിള, ജിഷ എന്നിവർ കുട്ടികളുടെ സർവതോമുഖമായ വികസനത്തിനായി നൽകുന്ന പരിശീലന പരിപാടികൾ സംബന്ധിച്ച് വിശദീകരിച്ചു.
കുട്ടികൾ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. സ്നേഹ കോഓഡിനേറ്റർമാർക്കും അധ്യാപകർക്കുമൊപ്പം അവർ പാട്ടുകൾ പാടി. ഇന്ത്യൻ ലേഡീസ് അസോസിയേഷന്റെ സംരംഭത്തെ അംബാസഡർ അഭിനന്ദിച്ചു. ഐ.എൽ.എ പ്രസിഡന്റ് ശാരദാ അജിത്തും കുട്ടികളും ചേർന്ന് അംബാസഡർക്ക് കുട്ടികൾ വരച്ച ചിത്രം സമ്മാനിച്ചു. എംബസി സെക്കൻഡ് സെക്രട്ടറി ഇഹ്ജാസ് അസ്ലം, എംബസി ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു.