മനാമ: ആസന്നമായ തെരഞ്ഞെടുപ്പിലൂടെ ഇന്ത്യൻ സ്കൂളിൽ യുനൈറ്റഡ് പേരെന്റ്സ് പാനൽ അധികാരത്തിലെത്തിയാൽ നൂറു ദിവസങ്ങൾക്കുള്ളിൽ തുടക്കം കുറിക്കുന്ന നിരവധി പദ്ധതികൾ ആവിഷ്കരിച്ചതായി യു പി പി വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു.
1. ആദ്യത്തെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ആദ്യ അജണ്ട തന്നെ ഫീസ് കുറക്കുന്നതിനെ കുറിച്ചുള്ള ചർച്ചയായിരിക്കും
2. നൂറു ദിവസത്തിനുള്ളിൽ ടോയ്‌ലെറ്റുകൾ ഹൈജീനിക് ആകുന്നതിനു തുടക്കം കുറിക്കും
3. നൂറു ദിവസത്തിനുള്ളിൽ സുതാര്യമായതും പുതിയ ആപ് സംവിധാനത്തോടെയുമുള്ള ഗതാഗത സംവിധാനങ്ങൾക്ക് തുടക്കമിടും
4. നൂറു ദിവസത്തിനുള്ളിൽ ക്ലാസ്സ്‌മുറികളിലെയും, ബസ്സുകളിലെയും എയർകണ്ടീഷനുകളുടെ പ്രവർത്തനം തികച്ചും കാര്യക്ഷമയുള്ളതാക്കും
5.നൂറു ദിവസത്തിനുള്ളിൽ റിഫ ക്യാമ്പസ്സിലും ഈസാ ടൌൺ ക്യാമ്പസ്സിലും സ്മാർട്ട് ക്ലാസുകൾക്ക് തുടക്കമിടും
6.നൂറുദിവസത്തിനുള്ളിൽ പുതിയ അഡ്മിഷൻ ഏകജാലക സംവിധാനം കൊണ്ട് വന്നു ഇടനിലക്കാരെ പൂർണമായും ഒഴിവാക്കും.
7.നൂറുദിവസത്തിനുള്ളിൽ വിദ്യാഭ്യാസ നിലവാരവും അച്ചടക്ക നിലവാരവും ഉയർത്താനുള്ള സമഗ്ര പദ്ധതികൾ ആവിഷ്കരിക്കും
ഇങ്ങിനെ തുടങ്ങി അദ്ധ്യാപക ർക്കും മറ്റു ജീവനക്കാർക്കും പഠന വിഷയങ്ങളിലുപെടാത്ത ജോലിഭാരം കുറക്കുന്നതുൾപ്പെടെ അത്യാവശ്യങ്ങളായ നിരവധി തീരുമാനങ്ങളെടുക്കുമെന്നും യു. പി.പി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു.
തെരഞ്ഞെടുപ്പു ദിവസം നടക്കാൻ സാഹചര്യമുള്ള ചില ക്രമക്കേ ടുകളിലുള്ള ആശങ്കകളെ കുറിച്ചും അത് ദൂരീകരിക്കാനുള്ള ചില നിർദേശങ്ങളും, ഫീസ് അടക്കാൻ കഴിയാതെ വന്നതിന്റെ പേരിൽ വോട്ടു ചെയ്യാൻ രക്ഷിതാക്കളെ അനുവദിക്കില്ലെന്ന തീരുമാനം ഭരണാഘടനാ വിരുദ്ധമാണെന്നും അത് തിരുത്തണമെന്നും അടക്കമുള്ള കാര്യങ്ങളും തെരഞ്ഞെടുപ്പിന്റെ മേൽനോട്ടമുള്ള ഉദ്യോഗസ്ഥരെ പരാതിയായി അറിയിച്ചിട്ടുണ്ടെന്നും നീതിപൂർവ്വമായ ഒരു തീരുമാനം ഈ കാര്യത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു
പത്രസമ്മേളനത്തിൽ സ്ഥാനാർത്ഥികളായ ബിജു ജോർജ്, ഹരീഷ് നായർ, അബ്ദുൽ മൻഷീർ, ജാവേദ്. ടി. സി. എ, യു. പി. പി നേതാക്കളായ എഫ്. എം. ഫൈസൽ,ജ്യോതിഷ് പണിക്കർ എന്നിവർ പങ്കെടുത്തു.