മനാമ: ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആൻറിക്വിറ്റീസിന്റെ (ബാക്ക) ആഭിമുഖ്യത്തിൽ ഡിസംബർ 14 മുതൽ ഡിസംബർ 23 വരെ മുഹറഖ് നൈറ്റ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി പ്രത്യേക സാംസ്കാരിക പരിപാടികൾ നടക്കും. മുഹറഖിലെ പെർലിങ് പാത്തിൽ വച്ചാണ് പരിപാടികൾ നടക്കുക.
എല്ലാ ദിവസവും വൈകീട്ട് അഞ്ചിനും രാത്രി 10നും ഇടയിൽ നടക്കുന്ന ഈ വർഷത്തെ ഫെസ്റ്റിവലിൽ സംഗീതപരിപാടികൾ, കരകൗശല ശിൽപശാലകൾ, കുട്ടികളുടെ പരിപാടികൾ, ടൂർ പാക്കേജ് എന്നിവയടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്.
പേളിങ് പാത്ത് വിസിറ്റേഴ്സ് സെന്റർ മുതൽ വടക്ക് സിയാദി മജ്ലിസ് വരെ ഉത്സവ പ്രതീതിയായിരിക്കും. കാമിൽ സഖറിയയുടെ ‘ആൻഡ് ഐ കീപ്പ് ഡീമാർക്കറ്റിങ്’ എക്സിബിഷൻ ബിൻ മാറ്റർ ഹൗസിൽ നടക്കും. അഹമ്മദ് മേട്ടറിന്റെ കലാരൂപങ്ങൾ ഹൗസ് ഓഫ് ആർക്കിടെക്ചറൽ ഹെറിറ്റേജിൽ എല്ലാ ദിവസവും നടക്കുന്ന പ്രദർശനത്തിൽ പ്രദർശിപ്പിക്കും. ജംഷീർ ഹൗസിൽ എല്ലാ ദിവസവും ‘മെറ്റീരിയൽ ആൻഡ് കൺസർവേഷൻ’ എന്ന പേരിൽ പ്രദർശനം നടക്കും.