മനാമ: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ ബഹ്റൈൻ കേരളീയ സമാജവും ബഹ്‌റൈൻ നവകേരളയും സംയുക്തമായി അനുശോചന യോഗം സംഘടിപ്പിച്ചു. ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന അനുശോചന യോഗത്തിൽ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന നിരവധി പേർ പങ്കെടുത്തു.
സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപ്പിള്ള അധ്യക്ഷത വഹിച്ചു. കേരള രാഷ്രീയത്തിലെ നേരും നെറിയുമുള്ള നേതാവായിരുന്നു കാനം രാജേന്ദ്രൻ എന്നും ഉന്നയിക്കുന്ന വിഷയങ്ങളിലുള്ള ഉറച്ച നിലപാടും വ്യക്തതയും ഉള്ളതിന്നാൽ പറഞ്ഞ വാക്കുകൾ ഒരിക്കലും മാറ്റി പറയേണ്ടി വന്നിട്ടില്ല എന്നത് തന്നെയാണ് മറ്റു പല രാഷ്ട്രീയ നേതാക്കളിൽ നിന്നും കാനത്തെ വ്യത്യസ്ഥനാക്കുന്നത്. ബഹ്റൈൻ കേരളീയ സമാത്തിന്റെ പ്രവർത്തനങ്ങളെ നേരിൽ കണ്ട് മനസിലാക്കാൻ അവസരം ലഭിച്ച അദ്ദേഹം പിന്നീടുള്ള കൂടികാഴ്ചയിലെല്ലാം ഏറെ സ്നേഹ വായ്പ്പോടെയാണ് പെരുമാറിയതെന്നും അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം കേരളത്തിലെ പൊതു സമൂഹത്തിനെന്ന പോലെ എനിക്കും വ്യക്തിപരമായ നഷ്ടമാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം അനുസ്മരിച്ചു.
കേരള രാഷ്ടീയത്തിലെ സൗമ്യ മുഖമാണ് കാനത്തിന്റെ വിയോഗം മൂലം നഷ്ടമായതെന്ന് തുടർന്ന് സംസാരിച്ചവർ അഭിപ്രായപ്പെട്ടു. സോമൻ ബേബി, സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, ഇന്ത്യൻ സ്ക്കൂൾ നിയുക്ത ചെയർമാൻ ബിനു മണ്ണിൽ, ഷാജി മൂതല ,സി.വി നാരായണൻ ,എസ്.വി. ബഷീർ, ബിനു കുന്നംന്താനം, മൊയ്തീൻ കുട്ടി പുളിക്കൽ, ആർ. പവിത്രൻ , എബ്രഹാം ജോൺ , ഷംസുദ്ദീൻ വെള്ളികുളങ്ങര, ഇ. എ.സലിം., അജിത്ത് മാത്തൂർ, എൻ.കെ. വീരമണി,സുബൈർ കണ്ണൂർ, ഫ്രാൻസിസ് കൈതാരത്ത്, എഫ് എം. ഫൈസൽ, കെ.ടി.സലിം, ഇ.വി.രാജീവൻ. സോവിച്ചൻ ചേന്നാട്ടുശ്ശേരി, ഗഫൂർ മൂക്കുതല, സജിത്ത് വെള്ളികുളങ്ങര എന്നിവർ പ്രസംഗിച്ചു. ബഹ്റൈനിലെ വിവിധ സാമൂഹിക സാംസ്കാരിക മേഖലയിലെ നിരവധി നേതാക്കൻമാരും ബഹ്റൈൻ നവകേരളയുടെ പ്രവർത്തകരും പങ്കെടുത്തു.